തിരുവനന്തപുരം:സെമി ലോക്ക്ഡൗണിന്റെ ആദ്യ ദിനത്തിലെ പാളിച്ചയുടെ പഴുതടച്ച് രണ്ടാം ദിവസമായ ഇന്നലെ ജില്ലയിൽ പൊലീസ് പരിശോധന കടുപ്പിച്ചു.അതോടെ അനാവശ്യവായി പുറത്തിറങ്ങിയവർ കുടുങ്ങി. ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും അല്ലാതെയും ബാരിക്കേഡ് വച്ചും റോഡിൽ റിബൺ കെട്ടിയുമൊക്കെയുമാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്.അനാവശ്യ യാത്രകൾക്കായി വാഹനവുമായി നിരത്തിലിറങ്ങിയവർക്ക് പിഴ ചുമത്തിയാണ് പൊലീസ് നടപടിയെടുത്തത്.തിരിച്ചറിയൽ കാർഡ് ഇല്ലാതെയും സ്വയം സത്യവാങ്മൂലം ഇല്ലാതെയും പുറത്തിറങ്ങിയവരെയെല്ലാം കുടുങ്ങി.പിഴ ചുമത്തിയശേഷം ഇവരെ തിരിച്ചയയ്ക്കാനും പൊലീസ് മടിച്ചില്ല.
രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു ജില്ലാ അതിർത്തികളിലും നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് നിരത്തി നിയന്ത്രണം കടുപ്പിച്ചു.നഗരത്തിൽ മിക്ക റോഡുകളിലും പരിശോധന നടത്തി. യാത്രാരേഖകളും തിരിച്ചറിയൽ കാർഡുകളും പരിശോധിച്ച് അത്യാവശ്യക്കാരെ മാത്രമാണ് തുടർ യാത്രയ്ക്ക് അനുവദിച്ചത്.കുണ്ടമൺകടവ്, മങ്കാട്ടുകടവ്, പൂജപ്പുര, സ്റ്റാച്യു, പി.എം.ജി, പേരൂർക്കട, വഴയില തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധനയും പിഴയീടാക്കലും കർശനമായിരുന്നു. പരിശോധന കർശനമാക്കിയതോടെ പലയിടത്തും രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര റോഡുകളിലുണ്ടായി. നഗരാതിർത്തിയിലായിരുന്നു ഈ ദൃശ്യം കൂടുതലും കാണാനായത്.
പൊതുവാഹനങ്ങളിലെത്തിയവരെയും അത്യാവശ്യ കാര്യങ്ങൾക്കായി നഗരത്തിലേക്ക് വന്നവരെയും വാഹനക്കുരുക്ക് വല്ലാതെ വലച്ചെങ്കിലും പൊലീസ് പരിശോധനയിൽ നിന്ന് പിന്നോട്ട് പോയില്ല.വാഹനങ്ങളിൽ എത്തിയവർ ഇരട്ട മാസ്ക് ധരിച്ചിട്ടുണ്ടോ, അനുവദനീയമായ യാത്രക്കാരാണോ ഉള്ളത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു.ഓഫീസ് സമയങ്ങളിൽ ഒഴികെ ഭൂരിപക്ഷം സമയവും റോഡിൽ തിരക്ക് കുറവായിരുന്നു. സെക്ടറൽ മജിസ്‌ട്രേറ്റുമാരും പൊലീസും പരിശോധനയിൽ പങ്കെടുത്തു. മെഡിക്കൽ സ്റ്റോറുകൾ, പലചരക്കു കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ,പാൽ,മത്സ്യം, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ, വാഹന വർക്ക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ തുടങ്ങിയവയ്ക്കായിരുന്നു തുറന്ന് പ്രവർത്തിക്കാൻ അനുമതി. ബാങ്കിംഗ് പ്രവർത്തനം ഒരു മണി വരെയായി ചുരുക്കിയതിനാൽ ചിലയിടങ്ങളിൽ തിരക്ക് ഉണ്ടായി.
ഇൗ സാരിയൊന്ന് മാറ്റി വാങ്ങണം സാറെ..
സാറെ ഇൗ സാരിയൊന്ന് മാറ്റി വാങ്ങണം...! പാളയം സാഫല്യത്തിന് മുന്നിൽ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിലെത്തിയ രണ്ടു യുവതികൾ പൊലീസിനോട് പറഞ്ഞതാണിത്. പൊലീസ് പക്ഷേ, അവരുടെ അപേക്ഷ ചെവിക്കൊണ്ടില്ല. 500 രൂപ പിഴയീടാക്കി അവരെ മടക്കി അയച്ചു.ഇത്തരത്തിൽ നിസാര കാരണങ്ങൾ പറഞ്ഞാണ് നിരവധി പേർ നിരത്തുകളിലെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ കടകളിൽ നിന്ന് സാധനം വാങ്ങാതെ വാഹനവുമായി നഗരത്തിലേക്ക് വച്ചുപിടിച്ച പലരെയും പൊലീസ് പിടികൂടി.
ഗതാഗതം കുരുങ്ങി
ബാരിക്കേഡുകൾ നിരത്തി പൊലീസ് പരിശോധന കർശനമാക്കിയപ്പോൾ നഗരത്തിൽ പലയിടത്തും പ്രവേശന കവാടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. ഒരു വാഹനത്തെയും പരിശോധിക്കാതെ കടത്തിവിടാതിരുന്നതോടെയാണ് കൂടുതൽ വാഹനങ്ങൾ തിരക്കിൽപ്പെട്ടത്. അതിനിടയിൽ ചില ആംബുലൻസുകളും കുടുങ്ങി. ആശുപത്രിയിലേക്ക് പോകുന്ന അത്യാവശ്യക്കാരടക്കം പരിശോധനയ്ക്ക് വിധേയാരാകേണ്ടിവന്നു. ഇതിൽ ചിലർ പൊലീസിനോട് കയർക്കുന്ന സംഭവങ്ങളുമുണ്ടായി.
താക്കോൽ ഉൗരിയെടുത്തു, പിന്നാലെ നൽകി
രേഖകളില്ലാതെ അനാവശ്യമായി പുറത്തിറങ്ങിയ ഇരുചക്രവാഹന യാത്രികരുടെ താക്കോലുകൾ പൊലീസ് ഉൗരിയെടുത്തു. പേരൂർക്കട വഴയിലയിലായിരുന്നു പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇവരെ പരിശോധിച്ച് ചിലരിൽ നിന്ന് പിഴയീടാക്കുകയും രേഖകളില്ലാതെ എത്തിയവർക്കെതിരെ കേസെടുക്കുകയും ചെയ്തു. അല്പനേരം നിറുത്തിയ ശേഷം താക്കീത് നൽകി മടക്കി അയച്ചു.അതേസമയം,ആരുടെയും വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പേരൂർക്കട സി.ഐ പറഞ്ഞു.