photo

പാലോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ പ്രദേശത്ത് ലക്ഷങ്ങളുടെ നാശം. നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്ന നന്ദിയോട് ചെറ്റച്ചൽ റോഡിനോടനുബന്ധിച്ച് പച്ച ജംഗ്ഷനിലുള്ള തോട്ടിൽ കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. കരിങ്കല്ലുകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് വെള്ളപൊങ്ങി ഓരുക്കുഴി, പച്ചമുടുംമ്പ് എന്നിവിടങ്ങളിലേക്കുള്ള കാൽനടയാത്ര പോലും ദുഷ്കരമായി. ഈ പ്രദേശങ്ങളിലെ മരച്ചീനി, പച്ചക്കറികൃഷി എന്നിവ വെള്ളം കയറി നശിച്ചു.

ഇതേ റോഡിൽ മണ്ണാറുകുന്നിൽ നിന്നും അനിയന്ത്രിതമായി മണ്ണിടിച്ച് മാറ്റിയതിനെ തുടർന്ന് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ മണ്ണിടിച്ചിൽ ഇപ്പോഴും തുടരുകയാണ്. മണ്ണിടിയുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്.

ആലുംമൂട് ജംഗ്ഷനിൽ നടുറോഡ് കുഴിഞ്ഞുതാണു. ഇവിടെ നാട്ടുകാർ കമുക് നട്ടു.

പച്ച ജംഗ്ഷനിൽ നിന്നും പച്ച ക്ഷേത്രം നന്ദിയോട് റോഡിന്റെ നിർമ്മാണത്തിലെ അപാകതയെ തുടർന്ന് മഴയിൽ പയറ്റടി പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ഓട നിർമ്മിക്കാത്തതാണ് ഇവിടെയും വിനയായത്. പുളിച്ചാമല, ഭദ്രംവച്ചപാറ റോഡ് ഇടിഞ്ഞുതാണു. ഇടിഞ്ഞാർ, മങ്കയം പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഒഴുകിയെത്തിയ വെള്ളം കൃഷിയിടങ്ങളും തകർത്തു. മടത്തറ മുതൽ ചുള്ളിമാനൂർ വരെ പ്രധാന റോഡിൽ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കുശവൂർ, പ്ലാവറ, ഇളവട്ടം എന്നീ ജംഗ്ഷനിലെ കടകളിലും വെള്ളം കയറി. കുശവൂരിൽ മിക്കവീടുകളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. നന്ദിയോട് ആലമ്പാറയിലെ സംരക്ഷണഭിത്തി തകർന്ന് വീണ് ആലമ്പാറ ജിജിൻ ഭവനിൽ ജിജിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നു. ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.