തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം ഒഴിവാക്കി കൊവിഡ് ആശുപത്രിയാക്കി. മറ്റ് ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ചികിത്സ നൽകുന്നതിനാണ് നിലവിലെ ഒ.പി താത്കാലികമായി നിറുത്തലാക്കുന്നതെന്ന് ഡി.എം.ഒ ഡോ. കെ.എസ്. ഷിനു പറഞ്ഞു.

പ്രധാന സർജിക്കൽ ബ്ലോക്കിൽ കൊവിഡ് രോഗികൾക്ക് പുതുതായി 32 ഓക്സിജൻ കിടക്കകളും 24 ഐ.സി.യു കിടക്കകളും 68 സാധാരണ കിടക്കകളും ഉടൻ സജ്ജമാക്കും.

68 സാധാരണ കിടക്കകളിൽ ആവശ്യമെങ്കിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കും. ഇതോടെ അതിതീവ്ര കൊവിഡ് ചികിത്സയ്ക്കായി 375 ഓക്‌സിജൻ കിടക്കകളും 49 ഐ.സി.യു കിടക്കകളും ആശുപത്രിയിലുണ്ടാകും. ന്യൂറോ ഐ.സി.യു, എം.ഐ.സി.സിയു, ജെറിയാട്രിക് വാർഡ് എന്നിവയും കൊവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കും. മറ്റ് രോഗികൾക്ക് ഫോർട്ട് ആശുപത്രിയിലടക്കം ചികിത്സയ്ക്കുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോർട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗം കൂടുതൽ ശക്തിപ്പെടുത്തും. മൂന്ന് ഡോക്ടർമാരുടെയും അഞ്ച് ഹൗസ് സർജൻമാരുടെയും സേവനം ഇവിടെ താത്കാലികമായി ഉറപ്പാക്കും. ജനറൽ ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ വിതരണം കാര്യക്ഷമമാക്കുന്നതിനും ലഭ്യത നിരീക്ഷിക്കുന്നതിനും പ്രത്യേക ഓഡിറ്റ് കമ്മിറ്റിയെ നിയോഗിച്ചതായും കളക്ടർ അറിയിച്ചു.

നെഞ്ചുരോഗാശുപത്രിയും

ഏറ്റെടുത്തേക്കും

ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ പുലയനാർകോട്ടയിലെ നെഞ്ചുരോഗാശുപത്രിയും കൊവിഡ് ചികിത്സയ്ക്കായി ഏറ്റെടുക്കും. നിലവിൽ ഇവിടെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. 10 ഐ.സി.യു കിടക്കകൾ ഉൾപ്പെടെയുള്ള ആശുപത്രിയാണിത്. 200 കൊവിഡ് രോഗികളെ പാർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനുമാകും. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന വാർഡിൽ സ്ത്രീകളെയും പുരുഷന്മാരെയും പാർപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഇവിടെയുണ്ട്.