മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിൻ എടുക്കാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ ഏർപ്പെടുത്തി. പുലർച്ചെ 5 മുതൽ ഓരോ ദിവസത്തേയും വാക്സിൻ അലോട്ട്മെന്റ് അനുസരിച്ച് ടോക്കൺ നൽകും. 9 മണി മുതൽ കുത്തിവയ്പ് ആരംഭിക്കും. ടോക്കൻ ലഭിക്കുന്നവർ മാത്രം ആശുപത്രിയിലെത്തണം. ഇന്നലെ മുതലാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പുതിയ സംവിധാനമൊരുക്കിയത്.
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു ആരോഗ്യ പ്രവർത്തകരോടൊപ്പം പുലർച്ചെ 4.30 മണി മുതൽ ടോക്കൺ നൽകി തീരുന്നതുവരെ ആശുപത്രിയിലുണ്ട്. വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും വാക്സിനെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രിക്കുന്നതിന് മലയിൻകീഴ് താലൂക്ക് ആശുപത്രി മോഡൽ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മുതിർന്നവർ ഉൾപ്പെടെ ആയിരങ്ങളാണ് മണിക്കൂറുകളോളം വാക്സിന് വേണ്ടി ക്യൂ നിന്നിട്ട് ഒടുവിൽ നിരാശരായി മടങ്ങുന്നത്.