നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നെയ്യാറ്റിൻകര സബ് ഡിവിഷനുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. മാനദണ്ഡങ്ങൾ ലംഘിച്ച് യാത്ര ചെയ്‌ത 2000പേർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര, ബാലരാമപുരം, കാഞ്ഞിരംകുളം, പൂവാർ, പൊഴിയൂർ, പാറശാല, മാരായമുട്ടം, വെള്ളറട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മാസ്‌ക് ധരിക്കാത്തതിനും വ്യക്തമായ കാരണങ്ങളില്ലാതെ യാത്ര ചെയ്‌തതിനുമാണ് നടപടിയെടുത്തത്. ഇവരെ പിഴയീടാക്കിയും നോട്ടീസ് നൽകിയും വിട്ടയച്ചു.
വ്യക്തമായ കാരണങ്ങളോ സാക്ഷ്യപത്രമോ ഇല്ലാതെ യാത്ര ചെയ്യുന്നതിനെച്ചൊല്ലി പലപ്പോഴും യാത്രക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാകാറുണ്ട്. നെയ്യാറ്റിൻകര ടൗണിൽ ജനറൽ ആശുപത്രിക്ക് സമീപം ബാരിക്കേഡുകൾ വച്ചാണ് പരിശോധന. കെ.എസ്.ആർ.ടി.സി ബസുകളിൽ പരിശോധന നടത്തി മാസ്‌ക് ധരിക്കാത്തവരെ പിടികൂടി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.