തിരുവനന്തപുരം: ഓക്‌സിജൻ ക്ഷാമത്തെത്തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു. തുടർന്ന് ഐ.എസ്.ആർ.ഒയിൽ നിന്നുൾപ്പെടെ 40 ഓക്‌സിജൻ സിലിണ്ടറെത്തിച്ചാണ് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയത്. ആശുപത്രിയിലേക്ക് ഓക്‌സിജൻ നൽകിയിരുന്ന മൂന്ന് കമ്പനികൾ കൃത്യസമയത്ത് വിതരണം നടത്താത്തതും നിശ്ചിത എണ്ണം നൽകാത്തതുമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടർ കത്തു നൽകിയതിനെ തുടർന്ന് കളക്ടർ ഇടപെട്ടാണ് ആവശ്യമായ സിലിണ്ടറുകളെത്തിച്ചത്.

സ്റ്റോക്ക് കുറവായതിനാൽ അടിയന്തര ശസ്ത്രക്രിയകൾ ഒഴിച്ചുള്ളവ ഇന്നത്തേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ശേഷം 55 സിലിണ്ടർ കൂടി എത്തിച്ചിട്ടുണ്ട്. ശ്രീചിത്രയിൽ കൊവിഡ് ചികിത്സകൾ നടത്തുന്നില്ലെങ്കിലും ഓക്‌സിജൻ ലഭ്യതക്കുറവ് ഉണ്ടായതോടെ സ്ഥിരം സംവിധാനം ഒരുക്കുന്നുന്നതിനായി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഓക്‌സിജൻ ക്ഷാമമില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ടെന്നും ഡയറക്ടർ കെ. ജയകുമാർ അറിയിച്ചു.