vld-1

വെള്ളറട: അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമലയുടെ നെറുകയിൽ തലയുയർത്തി നിൽക്കുകയാണ് ദ്രവ്യപ്പാറ. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷനേടാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചുപാർത്തത് ഈ പാറയിലെന്നാണ് ഐതിഹ്യം. മാർത്താണ്ഡവർമ്മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താൻ അക്കാലത്ത് കൊത്തിയതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന 72 പടികൾ ഇന്നും കാണാം. ശക്തമായ കാറ്റിനെ പ്രതിരോധിച്ച് കൈ കൊണ്ട് ഓരോ പടികളിലും പിടിച്ച് തൂങ്ങിവേണം മുകളിലെത്താൻ. പടികൾ തമ്മിൽ അത്രയ്ക്ക് അകലമുണ്ടെന്ന് സാരം. ആദിവാസികൾക്ക് കരമൊഴിവാക്കിക്കൊടുത്ത അമ്പൂരിയിലെ 1001 പറനിലം ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായിയുണ്ടായിരുന്നു. ഇന്ന് നിലമില്ല. പകരം റബറും തെങ്ങും കടന്നുവന്നു. ഈ നിലത്തിൽ കൃഷി ചെയ്തിരുന്ന ആദിവാസികൾ അവരുടെ ക്ഷേമത്തിനായി കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നതായി മറ്റൊരു ഐതിഹ്യം.
1500 അടിയിലേറെ ഉയരമുള്ള നെല്ലിക്കാ മലയുടെ നെറുകയിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം പട്ടണത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് അമ്പൂരിയിലെ നെല്ലിക്കാമല. ഇതിന്റെ മുകൾഭാഗത്തുനിന്ന് നോക്കിയാൽ ശംഖുംമുഖം കടൽപ്പുറവും വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതും ഉയരുന്നതും കടലിലൂടെ കൂറ്റൻ കപ്പലുകൾ കടലാസ് ബോട്ടിന്റെ വലുപ്പത്തിൽ മുന്നോട്ട് പോകുന്നതും കാണാം.

എത്താൻ

കുടപ്പനമൂട്, പൊട്ടൻചിറയിൽ നിന്നും മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്നും ദ്രവ്യപ്പാറയിൽ എത്താൻ അരക്കിലോമീറ്റർ നടക്കണം. വാഴിച്ചൽ, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെ ദ്രവ്യപ്പാറയുടെ സമീപത്ത് എത്താം. 10 മിനിറ്റ് നടന്നാൽ ദ്രവ്യപ്പാറയിലെത്താം.

1500 അടി ഉയരമുള്ള മലയുടെ ഒരു ഭാഗത്തു നിന്നും വാഹനത്തിൽ സഞ്ചരിച്ച് നെറുകയിൽ എത്തി കാഴ്ചകൾകണ്ട് മറുഭാഗത്തു കൂടെ മലയിറങ്ങാം. നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും.

ഇന്നും കാണാം

ഐതിഹ്യങ്ങളുടെ ശേഷിപ്പുകളായി ദ്രവ്യപ്പാറയുടെ ചുവട്ടിൽ ഗുഹാക്ഷേത്രവും താഴെ നിന്നും മുകളിലേക്ക് കല്ലിൽ കൊത്തിയ പടികളും അവശേഷിക്കുന്നു. ദ്രവ്യപ്പാറ ഉൾപ്പെടുന്ന സർക്കാർ പാറ തരിശ് കൈയേറാൻ ഖനന മാഫിയകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധങ്ങളാണ് ഈ പാറയെ പോറൽ ഏല്പിക്കാതെ സംരക്ഷിച്ചുവരുന്നത്.

വിശ്വാസവും സംരക്ഷിച്ച്

ഗുഹാക്ഷേത്രത്തിൽ വിശ്വാസികളായ നാട്ടുകാർ ശിവപ്രതിഷ്ഠ നടത്തി മുടങ്ങാതെ പൂജ നടത്തുന്നു. എല്ലാ ശിവരാത്രി നാളിലും ഇവിടത്തെ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടനവും നടക്കുന്നു. ഇടയ്ക്കിടെ ടൂറിസ്റ്റുകളും ഇവിടെ വന്നുപോകുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി മലയോര ടൂറിസത്തിന് പ്രാധാന്യം നൽകി ദ്രവ്യപ്പാറയിൽ തീർത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. മലയോരത്ത് പ്രകൃതി കനിഞ്ഞുനൽകിയ നിരവധി പ്രദേശങ്ങളുണ്ട്. അവയെല്ലാം ടൂറിസത്തിന് അനുയോജ്യമാണോയെന്ന് കണ്ടെത്താനുള്ള പഠനങ്ങളും നടത്തും.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ