മുടപുരം: മരം റോഡിന് കുറുകെ ഒടിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്ന് ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണതിനാൽ മുട്ടപ്പലം പ്രദേശത്തെ നൂറോളം വീടുകളിൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങി. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം നവഭാവന ജംഗ്‌ഷനിൽനിന്നും മുട്ടപ്പലം ആൽത്തറമൂട് ജംഗ്‌ഷനിൽ പോകുന്ന റോഡിലാണ് മരം ഒടിഞ്ഞ് വീണത്. ചൊവ്വാഴ്ച വൈകിട്ട് 6ന് റോഡരുകിലെ പുരയിടത്തിൽ നിന്ന പ്ലാവാണ് കെ.എസ്.ഇ.ബി ഇലക്ട്രിക്ക് പോസ്റ്റിനും ലൈനുകൾക്കും മീതെ ഒടിഞ്ഞ് വീണത്. ഇന്നലെ രാവിലെ 11 മണിയോടെ വസ്തു ഉടമ മരം മുറിച്ചുമാറ്റി. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി പുതിയ പോസ്റ്റ് സ്ഥാപിച്ച് ലൈനുകൾ വലിച്ചുകെട്ടിയതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.