ആറ്റിങ്ങൽ: കൊവിഡ‌് ദുരന്തം ഒരു വർഷത്തോളം വയറ്റത്തടിച്ച ആറ്റിങ്ങലിലെ ഓട്ടോറിക്ഷാതൊഴിലാളികൾ മെല്ലെ പ്രശ്നങ്ങളിൽ നിന്നും കരകയറിയപ്പോഴാണ് വീണ്ടും ലോക്ക് ഡൗണിനു സമാനമായ അവസ്ഥയുണ്ടായത്. ഇതോടെ എല്ലാ പ്രതീക്ഷയും തകർന്ന് അന്തിച്ചുനിൽക്കുകയാണ് ഒരു പറ്റം ഓട്ടോ തൊഴിലാളികൾ.
ജനം പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശവും പൊലീസ് പരിശോധനയും വന്നതോടെ ഓട്ടം തീരെ കുറവാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ചിലർ പരിചയക്കാരെ ഓട്ടം വിളിക്കുന്നതുകാരണം സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോകൾക്ക് ഒരു ദിവസം മുഴുവൻ കാത്തു നിന്നാൽ രണ്ടോ മൂന്നോ ചെറിയ ഓട്ടമാണ് ലഭിക്കുന്നത്. പെട്രോളിന്റെ തീ വിലകാരണം മിച്ചമെന്നുമില്ല.
കുടുംബം പുലർത്താൻ മിക്കവരും വായ്പയെടുത്താണ് ഓട്ടോ വാങ്ങിയിട്ടുള്ളത്. മാസം 5000 രൂപ വരെ തിരിച്ചടവു വരും. ബാങ്കുകളിൽ വായ്പ തിരച്ചടവിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈടുവയ്ക്കാൻ ഇല്ലാത്തതിനാൽ മിക്കവരും സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുമാണ് പണം വായ്പയെടുത്തിട്ടുള്ളത്. കടംവാങ്ങിയെങ്കിലും കൃത്യമായി തുക അടച്ചില്ലെങ്കിൽ അവർ കർശന നടപടികൾ സ്വീകരിക്കും. എന്തു ചെയ്യണമെന്നറിയാതെ വിഷമ വൃത്തത്തിലാണ് ഇവിടുത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ.
ദിവസം 100 കിലോമീറ്ററെങ്കിലും ഓട്ടം ലഭിച്ചാലേ തൊഴിലാളികൾക്ക് ജീവിക്കാൻ സാധിക്കൂ. പൊതുവെ കൊവിഡ് കാലത്ത് ഓട്ടം കുറവാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പത്തു കിലോമീറ്റർ പോലും ഓടാത്തവരുണ്ട്. 1000 രൂപയ്ക്ക് വണ്ടി ഓടിയാൽ 250 രൂപ വായ്പ അടവിലേയ്ക്കു മാറ്റണം. 300നും 400 നും ഇടയിൽ രൂപ ഇന്ധനത്തിന് ചെലവാകും. ബാക്കി കഷ്ടിച്ച് 400 രൂപയ്ക്കകത്താണ് അവരുടെ കൈയിൽ മിച്ചം വരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇതുകൊണ്ട് എന്തു ചെയ്യാനാവുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ഇതുകൂടാതെ വാടകയ്ക്ക് ഓട്ടോ എടുത്ത് ഓടുന്ന ഡ്രൈവർമാർ ഒരു നിശ്ചിത സംഖ്യ ഉടമയ്ക്ക് നൽകണം. അതിന് കഴിയാത്ത അവസ്ഥയായതിനാൽ ഇങ്ങനെ ജീവിച്ചിരുന്ന ഡ്രൈവർമാർ വിഷമത്തിലാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വാഹനം പുറത്തിറക്കാനാവാതെ ദിവസങ്ങളോളം നിറുത്തിയിട്ടിരുന്നതിനാൽ എൻജിനും ബാറ്ററിയും കേടായത് നന്നാക്കാൻ ഒരു വലിയ തുകതന്നെ ചെലവായിരുന്നു.