തിരുവനന്തപുരം: തവനൂരിൽ കെ.ടി.ജലീലിനോട് പരാജയപ്പെട്ട ഫിറോസ് കുന്നുംപറമ്പിൽ യു.ഡി.എഫിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ, ആരുടെ താല്പര്യപ്രകാരമാണ് ലീഗ് പ്രവർത്തകനായ ഫിറോസിന് സീറ്റ് നൽകിയതെന്ന ചോദ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്.
ഇതിന് ഉത്തരം തേടി സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂർ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വാഴ്ത്തിയ ഫിറോസ് വിജയിച്ചിരുന്നെങ്കിൽ പാർട്ടിക്ക് ബാദ്ധ്യതയാകുമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിന് സംശയനിഴലിൽ നിൽക്കുന്ന വ്യക്തിയാണദ്ദേഹം. ആ വ്യക്തിക്ക് സീറ്റ് നൽകുന്നതു തന്നെ പാർട്ടിയെ ഭാവിയിൽ പ്രതിസന്ധിയിലാക്കുമെന്ന് മനസ്സിലാക്കണമായിരുന്നു. ഫിറോസ് അല്ലാതെ മറ്റാരായിരുന്നാലും ജലീൽ വിരുദ്ധ വികാരത്തിൽ വിജയിക്കുമായിരുന്നു. ഫിറോസിന് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ കൂടുതൽ സമയം ചെലവിടേണ്ടി വന്നു. പരാജയപ്പെടുമ്പോൾ എതിർചേരിയിലുള്ളവരെ വാഴ്ത്തിപ്പാടുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും നുസൂർ ആവശ്യപ്പെട്ടു.