രോഗ ബാധിതർ - 230
പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കരിമൺകോട് വാർഡ് കൂടി കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ മൂന്നു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി. കൊച്ചു കരിക്കകം, ഇക്ബാൽ കോളേജ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണിലുള്ള വാർഡുകൾ. പഞ്ചായത്തിൽ ഇതുവരെ 230 പേർക്കാണ് രോഗബാധ. കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേർ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. പാലോട് കുന്നുംപുറം റോഡ് പൂർണമായും പൊലീസ് അടച്ചു. കുന്നുംപുറത്തു മാത്രം 29 പേരാണ് രോഗബാധിതർ. ആദിവാസി മേഖലകളിലും കോളനികളിലും ഇനിയും രോഗബാധിതർ ഉണ്ടാകാം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമീപ പഞ്ചായത്തായ നന്ദിയോട് രോഗബാധിതരുടെ എണ്ണം 195 ആണ്. മൂന്നു മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരുള്ള സ്ഥലങ്ങളിലെല്ലാം ജാഗ്രതാസമിതിയുടെയും കാവൽ ഗ്രൂപ്പിന്റെയും ദ്രുതകർമ്മസേനയുടെയും പ്രവർത്തനം ലഭ്യമാക്കിയിട്ടുണ്ട്. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയും രോഗം പകരുമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയ മേഖലകളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകാത്തവരിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതിനു പുറമെ കേസും രജിസ്റ്റർ ചെയ്യുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിൽ കൊവിഡ് കർമ്മ സേന ഓഫീസ് പ്രവർത്തനം തുടങ്ങി. സേവാഭാരതി നന്ദിയോട് മണ്ഡലം ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ബി.എം.എസ് മേഖലാ സെക്രട്ടറി പുരുഷോത്തമൻ നിർവഹിച്ചു. കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ സൗജന്യമായി ഇവിടെ നിന്നും ചെയ്യാവുന്നതാണ്.