
കുറ്റിച്ചൽ: ശക്തമായി മഴ പെയ്തിട്ടും കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ കടമാൻകുന്നിൽ കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിലെ ഉയരം കൂടിയ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് വർഷങ്ങളേറെയായി. ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ കുറ്റിച്ചൽ പഞ്ചായത്ത് അരുവിക്കരയിൽ നിന്ന് ടാങ്കർ ലോറിയിലാണ് വെള്ളം എത്തിച്ചിരുന്നത്. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നാട്ടുകാർ നിരവധി പരാതികളും അപേക്ഷകളും അധികാരികൾക്ക് നൽകിയിരുന്നു. അരുവിക്കരയിലെ എം.എൽ.എ ജി. സ്റ്റീഫൻ വെള്ളനാട് ബ്ലോക്ക് മെമ്പർ ആയിരുന്നപ്പോൾ കോട്ടൂരിൽ നിന്ന് കടമാൻ കുന്നിലേക്ക് വെള്ളം എത്തിക്കുന്നതിനായി മുന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ ഗ്രാമപഞ്ചായത്തും ഏഴ് ലക്ഷം രൂപ നൽകി. ഫണ്ട് അനുവദിച്ച് മാസങ്ങളായിട്ടും ഇതേവരെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. മെറ്റീരിയൽസ് ലഭിക്കാത്തതിനാലാണ് നിർമ്മാണം ആരംഭിക്കാത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കോട്ടൂർ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ മാറി മെയിൻ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നാണ് കടമാൻകുന്നിലേക്ക് വെള്ളം എത്തിക്കേണ്ടത്. പൊതുകിണറോ മറ്റ് സംവിധാനങ്ങളോ വെള്ളത്തിനായി ഈ പ്രദേശത്തില്ല. കുടിക്കുന്നതിനും, കുളിക്കുന്നതിനും, വസ്ത്രങ്ങൾ അലക്കുന്നതിനും ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, കാട്ടാക്കട താലൂക്ക് സഭയ്ക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് ഇവിടത്തുകാർ. ഇതുമായി ബന്ധപ്പെട്ട് കളക്ടർ ഗ്രാമപഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.