തിരുവനന്തപുരം: കവിയും പുരാണകൃതികളുടെ വ്യാഖ്യാതാവുമായ തിരുമല വലിയവിള ഗോപികയിൽ കെ.വി.തിക്കുറിശ്ശി (88) അന്തരിച്ചു. കൊവിഡ് ബാധിച്ച് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.
കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ ജനിച്ച വി.വി.കൃഷ്ണവർമൻ നായർ, കെ.വി.തിക്കുറിശ്ശി എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമിയിൽ മൂന്നുതവണ അംഗമായി. കേരള സംഗീതനാടക അക്കാഡമി, കേരള കലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡ് എന്നിവയിലും അംഗമായിരുന്നു.

1959 ൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന കവിതാമത്സരത്തിൽ ഒന്നാം സമ്മാനമായ സ്വർണമെഡൽ കെ.വി.തിക്കുറിശ്ശി നേടി. 1960 ൽ 'ഭക്രാനംഗൽ' എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരവും ഹാലാസ്യ മാഹാത്മ്യം എന്ന പുരാണഗ്രന്ഥത്തിന് ആറ്റുകാൽ ട്രസ്റ്റിന്റെ കൃഷ്ണായനം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന ദീർഘകാവ്യം ആറുമാസം മുൻപാണ് പ്രസിദ്ധീകരിച്ചത്. ദേവീ ഭാഗവതം, ശ്രീമഹാഭാഗവതം എന്നിവയുടെ ഗദ്യവിവർത്തനം, അഞ്ച് കവിതാ സമാഹാരങ്ങൾ, ബാലസാഹിത്യ കൃതികൾ, യാത്രാവിവരണം ഉൾപ്പെടെ 15 ഓളം കൃതികളുടെ കർത്താവാണ്.
ഭാര്യ: എ.ശ്യാമളാദേവി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്). മക്കൾ: കെ.എസ്.ഹരിപ്രിയ (അദ്ധ്യാപിക, ഡൽഹി), എസ്.കെ.ശ്യാമകൃഷ്ണൻ (കാനഡയിൽ ബാങ്ക് ഉദ്യോഗസ്ഥൻ). മരുമക്കൾ: ഡോ.ഗോപകുമാർ (ലോകാരോഗ്യ സംഘടനയുടെ പദ്ധതിയംഗം, ഡൽഹി), ലിനി ശ്യാമകൃഷ്ണൻ (കാനഡ).