തിരുവനന്തപുരം: തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിയെ തമിഴ്നാടിനോട് ചേർക്കാനായി നടന്ന പ്രക്ഷോഭത്തിൽ ക്രൂരമർദ്ദനം ഏറ്റതിനെ തുടർന്നാണ് 1956ൽ കെ.വി.തിക്കുറിശ്ശി തിരുവനന്തപുരത്തേക്ക് ഓടിയെത്തിയത്.
മലയാളത്തോടുള്ള സ്നേഹം കാരണം ഇവിടെ എത്തിയവരിൽ ഒരാളായിരുന്നു. അന്ന് പേര് കൃഷ്ണവർമ്മൻ നായർ. കെ.വി. തിക്കുറിശ്ശി എന്ന തൂലികാനാമം സ്വീകരിച്ച് എഴുത്തുകാരനായത് ഇവിടെ എത്തിയ ശേഷം.
മാർത്താണ്ഡത്തു നിന്ന് ഇവിടെ എത്തി തിക്കുറിശ്ശി എന്ന സ്ഥലനാമം പേരിനോട് ചേർത്ത ത്രയങ്ങളിൽ ഒരാളാണ് കെ.വി. ആദ്യത്തെ ആൾ സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ.
തെക്കൻ പാട്ടുകളിലൂടെ പ്രശസ്തനായ ഡോ.തിക്കുറിശ്ശി ഗംഗാധരനാണ് മൂന്നാമൻ. ഇവർ മൂവരും സുഹൃത്തുക്കളുമായിരുന്നു.
തലസ്ഥാനത്ത് എത്തിയ ശേഷമാണ് കെ.വിയുടെ സാഹിത്യജീവിതം തളിരിട്ടത്. തിക്കുറിശ്ശി ഗ്രാമത്തിലെ ഗ്രന്ഥശാലയിലൂടെ കുമാരനാശാൻ, ചങ്ങമ്പുഴ, പൊറ്റക്കാട്, തകഴി, ദേവ്, ബഷീർ, ഉറൂബ് തുടങ്ങി മലയാളത്തിലെ പ്രശസ്തരുടെ കൃതികളെല്ലാം അദ്ദേഹം വായിച്ചിരുന്നു. സാഹിത്യ അക്കാഡമി അംഗം, സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ മഹാകവി വള്ളത്തോൾ മുതൽ നിരവധി എഴുത്തുകാരുമായി പരിചയപ്പെട്ടു. പി.ഭാസ്‌കരൻ, വയലാർ, ഒ.എൻ.വി, തിരുനല്ലൂർ കരുണാകരൻ തുടങ്ങിയ കവികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
കൗമുദി, ജനയുഗം, മലയാളരാജ്യം, എന്നിവയിലാണ് കവിതകൾ ഏറെയും പ്രസിദ്ധീകരിച്ചത്. ഗദ്യവും പദ്യവുമായി 20 ഓളം കൃതികൾ രചിച്ച കെ.വി.തിക്കുറിശ്ശിയുടെ കൃതികളിൽ പ്രധാനം ദേവീഭാഗവതത്തിന്റെയും മഹാഭാഗവതത്തിന്റെയും പദാനുപദ ഗദ്യവിവർത്തനങ്ങളാണ്.