മുടപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം വീടുകൾ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധന നടത്തുന്നതിന് വക്കം ആർ.എച്ച്.സിയിൽ കൂടിയ ആരോഗ്യ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. വക്കം ഗ്രാമപഞ്ചായത്തിലെ 14,1,2,3,4 വാർഡുകൾ ഒന്നാം സെക്ടറായും 5,6,7,8,9 വാർഡുകൾ രണ്ടാം സെക്ടറായും 10,11,12,13 വാർഡുകൾ മൂന്നാം സെക്ടറായും തിരിച്ച് ആന്റിജൻ ടെസ്റ്റ് നടത്തും. ഇതിനായി വാർഡുകളിൽ ചുമതലപ്പെട്ട അദ്ധ്യാപകർ, ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ ഭവനം വോളന്റിയർമാർ, ആശാപ്രവർത്തകർ, അംഗൻവാടി വർക്കർമാർ എന്നിവർ വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമായി പ്രവർത്തിക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിയുക്ത എം.എൽ.എയുമായ ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുനിസ ,വൈസ് പ്രസിഡന്റ് ബിഷ്ണു, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. മണികണ്ഠൻ, വക്കം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ജോയിന്റ് ബി.ഡി.ഒ രാജീവ്, കൊവിഡ് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണബാബു, എ.എം.ഒ ഡോ. സിജു, സുരക്ഷ കോഓർഡിനേറ്റർ ആർ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. ശ്രീകല, പി. അജിത തുടങ്ങിയവർ പങ്കെടുത്തു.