നെടുമങ്ങാട്: രണ്ടാംതരംഗത്തിൽ നെടുമങ്ങാട് താലൂക്കിൽ ഒരാഴ്ചയ്‌ക്കിടെ രോഗികളുടെ എണ്ണം 5000 കടന്നതോടെ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. അറുപതിലേറെ പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 150 പേർക്കാണ്. ആര്യനാട് പി.എച്ച്.സി - 46, അരുവിക്കര പി.എച്ച്.സി -26, കന്യാകുളങ്ങര സി.എച്ച്.സി - 12, ആനാട് പി.എച്ച്.സി - 6, ആനാകുടി പി.എച്ച്.സി - 2, കല്ലറ സി.എച്ച്.സി - 1 പാലോട് സി.എച്ച്.സി - 1, ജില്ലാ ആശുപത്രി - 35 എന്നിങ്ങനെയാണ് കണക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ അടക്കം 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 10 ജീവനക്കാരും പോസിറ്റീവായി.
കരകുളത്ത് 700 രോഗികൾ
കരകുളം ഗ്രാമപഞ്ചായത്തിൽ രോഗികൾ 700 കടന്നതോടെ നിയുക്ത എം.എൽ.എ അഡ്വ. ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു. കുടുംബാരോഗ്യകേന്ദ്രം പഞ്ചായത്ത് അതിർത്തിയായ വട്ടപ്പാറ പള്ളിവിളയിലാണ് സ്ഥിതിചെയ്യുന്നത്. രോഗികൾക്കുള്ള യാത്ര ബുദ്ധിമുട്ടുകളും മറ്റും കണക്കിലെടുത്ത് മരുന്നുകൾ ലഭ്യമാക്കാനും മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പാക്കാനും മുക്കോല സബ് സെന്റർ 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.
ഡോക്ടർ, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ നിയമിക്കാൻ ശുപാർശ ചെയ്യുമെന്ന് ജി.ആർ. അനിൽ ഉറപ്പുനൽകി. ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് 24 മണിക്കൂർ ഹെല്പ് ഡെസ്‌കും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി. പ്രസിഡന്റ് യു. ലേഖാറാണി, വൈസ് പ്രസിഡന്റ് ടി. സുനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രാജീവ്, ചെയർപേഴ്സൺ വീണ രാജീവ്, മെഡിക്കൽ ഓഫീസർ ഡോ. ജാസ്‌മിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീകൃഷ്ണൻ, സി.പി.ഐ എൽ.സി സെക്രട്ടറി എസ്. രാജപ്പൻ നായർ, കെ. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. ജി.ആർ. അനിലിന് സ്വീകരണവും നൽകി.
വട്ടപ്പാറയിൽ സി.എഫ്.എൽ.ടി സെന്റർ
വട്ടപ്പാറ മേഖലയിലെ തേക്കുവിള, മരുതൂർ, മാവുവിള തുടങ്ങിയ കോളനി പ്രദേശങ്ങളിൽ രോഗ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മണ്ണന്തല പ്രീസ്‌കൂൾ കെട്ടിടത്തിൽ സി.എഫ്.എൽ.ടി സെന്റർ സജ്ജമാക്കി. 100 കിടക്കകളാണ് ഒരുക്കുന്നത്. നിലവിൽ 50 പേരെ കിടത്തി ചികിത്സിക്കാം. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയാണ് ക്രമീകരണം. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്ത് ആരംഭിച്ച ആദ്യ കൊവിഡ് ചികിത്സാ കേന്ദ്രമാണിത്. കൂടുതൽ കേന്ദ്രങ്ങൾ ആലോചനയിലുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി അറിയിച്ചു.
അരുവിക്കരയിൽ ബോധവത്കരണം
അരുവിക്കര ഗ്രാമപഞ്ചായത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങി. നിയുക്ത എം.എൽ.എ അഡ്വ.ജി. സ്റ്റീഫൻ കുടുംബരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മറിയത്തിന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. രാജ്മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, അരുവിക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലീഫിയ, ബാങ്ക് മാനേജിംഗ് ഡയറക്ടർ അനീഷ്. എം.ജെ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നഗരസഭയിൽ അണുനശീകരണം
നെടുമങ്ങാട് നഗരസഭയിൽ കണ്ടെയ്ൻമെന്റ് സോണായ കൊപ്പം വാർഡിൽ ജനമൈത്രി പൊലീസും ആശാ പ്രവർത്തകരും നഗരസഭാ ജീവനക്കാരും ചേർന്ന് പൊതുയിടങ്ങളിൽ അണുനശീകരണം നടത്തി. നഗരസഭ കൗൺസിലർ പി. രാജീവ് നേതൃത്വം നൽകി. അസീല, സബീന തുടങ്ങിയവർ പങ്കെടുത്തു.
എമർജൻസി വാഹനം സമർപ്പിച്ച് സി.പി.എം
അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് സി.പി.എം ലോക്കൽ കമ്മിറ്റി സമർപ്പിച്ച കൊവിഡ് 19 എമർജൻസി വെഹിക്കിൾ ഫ്ലാഗ് ഓഫ് അഡ്വ. ജി. സ്റ്റീഫനും കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാറും ചേർന്ന് നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങളടങ്ങിയ പോസ്റ്ററിന്റെ പ്രകാശനവും നിർവഹിച്ചു. വിളപ്പിൽ ഏരിയാ സെക്രട്ടറി കെ. സുകുമാരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ. രാജ്‌മോഹൻ, ലോക്കൽ സെക്രട്ടറി ആന്റണി, സജീവ്, രാജീവ്, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.