തിരുവനന്തപുരം: പതിനാലാം നിയമസഭ പിരിച്ചുവിട്ടും പുതിയ സർക്കാർ വരുന്നതുവരെ കാവൽ മന്ത്രിസഭയായി തുടരാൻ നിലവിലെ മന്ത്രിസഭയെ അനുവദിച്ചും ഗവർണർ വിജ്ഞാപനമിറക്കി. പുതിയ നിയമസഭ ചേരുന്നതിൻെറ തലേദിവസം വരെ സ്പീക്കർക്ക് തുടരാം. പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ഗവ.ചീഫ് വിപ്പ് എന്നിവരുടെ സ്ഥാനങ്ങളും എം.എൽ.എ മാരുടെ സ്ഥാനങ്ങളും ഇല്ലാതായി.
പുതിയ നിയമസഭ എന്ന് ചേരണമെന്ന് പുതിയ മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ട പ്രൊട്ടെം സ്പീക്കറെയും പുതിയ മന്ത്രിസഭ തീരുമാനിക്കും. പ്രോട്ടെം സ്പീക്കർ ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗത്തെയാണ് പ്രോട്ടെം സ്പീക്കറാക്കുക.