തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രാൻസിറ്റ് വാർഡിൽ ഇന്നു മുതൽ പുതിയ സെമി ഐ.സി.യു വാർഡ് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാർഡിലും ഉടൻ സെമി ഐ.സി.യു വാർഡുകൾ ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. രണ്ടു ട്രോമ വാർഡുകൾ ഐ.സി.യു. വാർഡ് ആക്കി മാറ്റുന്നതിനുള്ള നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി. ആശുപത്രിയിലെ ഓക്സിജൻ ലഭ്യത സംബന്ധിച്ച പരിശോധന നടത്തിയ കളക്ടർ ലിക്വിഡ് ഓക്സിജൻ,ഓക്സിജൻ മാനിഫോൾഡ് സംവിധാനങ്ങളും സന്ദർശിച്ചു. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.