പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവർ കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായതായി സൂചന. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം എട്ടായി. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത നാലുപേരെയാണ് പൊലീസ് ആദ്യം അറസ്റ്റുചെയ്‌തത്. പിന്നീട് മൂന്നുപേർ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതോടെയാണ് ഒരാൾകൂടി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. സ്വർണവ്യാപാരി സമ്പത്ത് പലപ്പോഴായി കടത്തിയ കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. രണ്ടുതവണയായി പൊലീസ് പിടിച്ചെടുത്ത ഒന്നരക്കോടി രൂപയുടെ വിവരങ്ങളും കള്ളപ്പണമല്ലെന്ന് തെളിയിക്കുന്ന രേഖകളും സമ്പത്ത് കോടതിയിൽ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ട്.