ktr

കാട്ടാക്കട: സുമനസുകളുടെ കനിവ് തേടുകയാണ് കുറ്റിച്ചൽ കോട്ടൂർ കരണ്ടകംചിറ സ്വദേശി ആർച്ചനയും 12 വയസുകാരി മകൾ ശിവാനിയും ഇളയ സഹോദരനും. സംഗീതം, നൃത്തം, കഥ, കവിത തുടങ്ങി കലാപരമായും വിദ്യാഭ്യാസപരമായും മികവ് തെളിയിച്ച ശിവാനി ഇപ്പോൾ മരുന്നും ഫിസിയോതെറാപ്പിയും വേദനകളുമായി വീടിനുള്ളിലാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ശിവാനിക്ക് കാലിൽ നീരുവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൈ, കാൽ വിരലുകൾക്ക് രൂപമാറ്റം സംഭവിക്കുന്ന അപൂർവരോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഡോക്ടർ നിർദേശിച്ച മരുന്നുകൾക്കൊപ്പം ശിവാനിക്ക് ആശ്വാസം പാട്ടും കവിതയും കഥാപ്രസംഗവും വായനയുമൊക്കെയാണ്. ശിവാനിയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. എപ്പോഴും മകളുടെ കൂടെയായതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് അർച്ചനയ്ക്ക്. ദൈനംദിന ചെലവുകൾക്ക് പുറമെ മകളുടെ മരുന്നും യാത്രാചിലവും മാത്രമായി ആഴ്ചയിൽ ഏഴായിരം രൂപയോളം വേണമെന്നിരിക്കെ ഈ കുടുംബം ദുരിതത്തിലാണ്. പിതാവ് ഉപേക്ഷിച്ചുപോയതോടെ അനാഥമായ ഈ കുടുംബത്തിന് ശിവാനിയുടെ സഹപാഠികളും നാട്ടുകാരും സഹായം എത്തിക്കുന്നുണ്ട്. അർച്ചനയുടെ സുഹൃത്തായ സംഗീതയുടെ കാരുണ്യത്തിലാണ് ഇപ്പോൾ താമസിക്കുന്ന വീട് ഇവർക്ക് ലഭിച്ചത്. ചികിത്സാ സഹായത്തിനായി കാട്ടൂർ ഗ്രാമീൺ ബാങ്കിൽ 40676101038532 (IFSC KLGB0040676) എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.