തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം മാറി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താത്കാലിക ശമനം. കല്ലിയൂർ പാപ്പൻചാണി കുന്നത്തുവീട്ടിൽ മണികണ്ഠന്റെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകിയതായി മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.

മൂന്ന് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെ വീഴ്ച സമ്മതിച്ചുള്ള ആശുപത്രി സർജന്റെ വിശദീകരണവും പുറത്തുവന്നിരുന്നു. മൃതദേഹം ഏറ്റുവാങ്ങിയത് സംബന്ധിച്ച് മണികണ്ഠന്റെ ബന്ധുക്കൾ പ്രതികരിച്ചില്ല. പ്രസാദിന്റെ ബന്ധുക്കൾ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.

തൊഴുക്കൽ കല്ലുമല വീട്ടിൽ പ്രസാദിന്റെ (47) മൃതദേഹമാണ് മോർച്ചറിയിൽ നിന്നും മാറിയെടുത്ത് മണികണ്ഠന്റെ വീട്ടുകാർ ദഹിപ്പിച്ചത്. മൃതദേഹം കാണാതായെന്ന് ആരോപിച്ച് പ്രസാദിന്റെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറിയെടുത്തതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി മോർച്ചറി ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.