കിളിമാനൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കുശേഷം പാങ്ങോട് പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയിലെ റജീന വിജയിച്ചു. നേരത്തെ രണ്ടുതവണ തിരഞ്ഞെടുപ്പ് നടന്നെങ്കിലും വിജയിച്ചയാൾ രാജിവച്ചിരുന്നു.
19 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് - 7, എൽ.ഡി.എഫ് - 8 ,എസ്.ഡി.പി.ഐ- 2, വെൽഫെയർ പാർട്ടി - 2 എന്നിങ്ങനെയാണ് കക്ഷിനില. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഒരു മുന്നണിയായാണ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രവർത്തിച്ചിരുന്നതെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ധാരണ തെറ്റി. എസ്.ഡി.പി.ഐ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ കാക്കാണിക്കര വാർഡിലെ ദിലീപ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന നിലപാട് സി.പി.എം സ്വീകരിച്ചതോടെ ഇയാൾ രാജിവച്ചു. അന്നേ ദിവസം ഉച്ചയ്‌ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സമാന സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ റീനയും രാജിവച്ചു.
പ്രസിഡന്റും വൈസ് പ്രസിഡന്റുമില്ലാതെ ഭരണപ്രതിസന്ധിയിലായ പഞ്ചായത്തിൽ പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വോട്ട് രേഖപ്പെടുത്തിയില്ല. വെൽഫെയർ പാർട്ടി പിന്തുണച്ചോടെ കോൺഗ്രസിലെ എം.എം. ഷാഫി പ്രസിഡന്റായി. പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വീണ്ടും എൽ.ഡി.എഫിന് വോട്ട് രേഖപ്പെടുത്തി. എന്നാൽ പിന്തുണ നിരസിച്ച് ജയിച്ചയാൾ രാജിവച്ചു.
കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വോട്ട് രേഖപ്പെടുത്തിയില്ല. തുടർന്ന് യു.ഡി.എഫിന്റെ ഏഴും വെൽഫെയർ പാർട്ടിയുടെ രണ്ട് വോട്ടും നേടി വെൽഫെയർ പാർട്ടിയിലെ റജീന വൈസ് പ്രസിഡന്റാകുകയായിരുന്നു.