drowning

ആലുവ: അയൽവാസികളായ സുഹൃത്തുക്കൾ പെരിയാറിൽ മുങ്ങിമരിച്ചതിനെ തുടർന്ന് ആലുവ നഗരസഭാ പരിധിയിലെ തോട്ടക്കാട്ടുകര കണ്ണീർക്കരയായി. ഇന്നലെ വൈകിട്ടാണ് താത്കാലിക ചങ്ങാടം മറിഞ്ഞ് തോട്ടയ്ക്കാട്ടുകര തീപ്പെട്ടി കമ്പനിക്ക് സമീപം പാടിയത്ത് വീട്ടിൽ നിസാറിന്റെ മകൻ ആഷിക്ക് (21), കോരമംഗലത്ത് വീട്ടിൽ പരേതനായ സാജുവിന്റെ മകൻ റിഥുൻ സാജു (22) എന്നിവർ മരണത്തിന് കീഴടങ്ങിയത്.

ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പരിശോധനക്കും പോസ്റ്റുമാർട്ടത്തിനും ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവമറിഞ്ഞ് അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ തുടങ്ങി നിരവധി പ്രമുഖരാണ് ഇന്നലെയും ഇന്ന് രാവിലെയുമായി ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഇരുവരുടെയും വീടുകളിലേക്ക് എത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ മണപ്പുറം ദേശം കടവിലാണ് തോട്ടക്കാട്ടുകരയെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

സ്ഥിരമായി പെരിയാറിൽ കുളിക്കുന്നവരാണെങ്കിലും ആഷിക്കിന് നീന്തൽ വശമില്ലായിരുന്നു. മുളയും മരപ്പലകകളും മറ്റും ചേർത്തുണ്ടാക്കിയ ചങ്ങാടം കടവിൽ നിന്ന് അൽപ്പം നീങ്ങിയതോടെ ചെരിഞ്ഞ് പുഴയിലേക്ക് വീണ ആഷിക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് റിഥുൻ സാജുവും മുങ്ങിയത്. ആഷിക്കിന്റെ വീട്ടിലെ വളർത്തുനായയും ഇവർക്കൊപ്പം ചങ്ങാടത്തിൽ ഉണ്ടായിരുന്നു. ചങ്ങാടം ചരിഞ്ഞതോടെ നായ നീന്തി രക്ഷപ്പെട്ടു. കരയിലുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് നാട്ടുകാരെ വിവരമറിയിച്ചത്.

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു റിഥുൻ സാജു. ബിരുദ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷിക്ക്. റിഥുവിന്റെ മാതാവ്: ജോളി. സഹോദരി: റിൽന. ആഷിക്കിന്റെ മാതാവ്: ആഷിഷ്. സഹോദരി: ഐഷ.

കോരമംഗലത്ത് വീട്ടിൽ ഇനി ജോളിയും റിൽനയും മാത്രം

തോട്ടക്കാട്ടുകര കോരമംഗലത്ത് വീടിനെ ദുരന്തങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ്. പെരിയാറിൽ ചങ്ങാടം മറിഞ്ഞ് റിഥുൻ സാജുവും മരണപ്പെട്ടതോടെ സഹോദരി റിൽനയും മാതാവ് ജോളിയും വീട്ടിൽ തനിച്ചായി.

ഒരു വർഷം മുമ്പാണ് റിഥുനിന്റെ പിതാവ് ലോറി ഡ്രൈവറായിരുന്ന സാജു അർബുദ ബാധിതനായി മരിച്ചത്. ഇതേതുടർന്ന് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത് റിഥുനായിരുന്നു. ആലുവ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെ ഒന്നര മാസം മുമ്പ് വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയും മരിച്ചു. സാജുവിന്റെയും മുത്തശ്ശിയുടെയും മരണത്തിന്റെ വേദനകൾ മറക്കാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ണീർനീറ്റലായി റിഥുനിന്റെ മരണമെത്തിയത്.