covid

ആലക്കോട്: കൊവിഡിന്റെ രണ്ടാം വരവിൽ മലയോര പഞ്ചായത്തുകളിൽ രോഗവ്യാപനം അനുദിനം കൂടിവരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളിൽ മാത്രം ഇപ്പോഴുള്ള കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറിലധികം വരും. ഈ പഞ്ചായത്തുകളിലൊന്നും കൊവിഡ് ബാധിതർക്ക് ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികൾ ഒന്നുമില്ല എന്നത് പ്രശ്‌നം കൂടുതൽ വഷളാകുന്നതിനിടയാക്കുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിലോ ആഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലോ ആണ് അഡ്മിറ്റ് ചെയ്യുക. ബഹുഭൂരിപക്ഷം രോഗികളും സ്വന്തം വീടുകളിൽ തന്നെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കഴിയുകയാണ്. ഇതു മൂലം കുടുംബാംഗങ്ങൾക്കും രോഗം പിടിപെടുന്നതിന് കാരണമാകുന്നു. ചെറുകിട ആശുപത്രികളിലും സർക്കാരിന്റെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ദിവസേന എത്തുന്ന നല്ലൊരു പങ്ക് രോഗികളും കൊവിഡ് ബാധിതരാണ്.

കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകൾ ഒഴികെയുള്ള മറ്റു സ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളുമൊക്കെ പഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ തീരുമാന പ്രകാരം പ്രവർത്തനം നിറുത്തി വച്ചിരുന്നു. ഇതിനൊപ്പം ചൊവ്വാഴ്ച മുതൽ സംസ്ഥാന സർക്കാരിന്റെ കർശന നിയന്ത്രണവും കൂടിയായതോടെ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. നിയന്ത്രണങ്ങൾ തുടരുമ്പോഴും കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മലയോരത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് അഞ്ച് പേരാണ്. കൂടുതൽ ആളുകൾക്ക് രോഗം പിടിപെട്ടതോടെ ഇവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതും ശ്രമകരമായി തീർന്നിരിക്കുകയാണ്.