mukkam-kadav-bridge

മുക്കം: കൊവിഡ് വ്യാപനം അനിയന്ത്രിതമായതിനെ തുടർന്ന് മുക്കം അങ്ങാടി അടയ്ക്കാനും വാഹനങ്ങൾക്ക് പ്രവേശനം നിഷേധിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കം നഗരസഭ രാവിലെ അടച്ച റോഡ് രാത്രിയിൽ കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തുറന്നു. മലയോര മേഖലയുടെ സിരാ കേന്ദ്രമായ മുക്കം അങ്ങാടിയാണ് ഗത്യന്തരമില്ലാതെ മുക്കം നഗരസഭ പൊലീസ് സഹായത്തോടെ അടച്ചത്. ഇതിൽ കാരശേരി പഞ്ചായത്തിന്റെ കുമാരനെല്ലൂർ ഭാഗത്ത് നിന്ന് മുക്കത്തേയ്ക്ക് പ്രവേശിക്കുന്ന റോഡിലെ മുക്കം കടവ് പാലത്തിൽ ബാരിക്കേഡ് വച്ച് അടച്ചതാണ് കാരശേരി പഞ്ചായത്ത് പൊളിച്ചു നീക്കിയത്. അത്യാവശ്യ കാര്യങ്ങൾക്ക് അങ്ങാടിയിൽ പ്രവേശിക്കേണ്ടവർക്ക് വാഹനം ബാരിക്കേടിന് പിന്നിൽ നിർത്തി നടന്നു പോകാമെന്നാണ് മുക്കം നഗരസഭ ചെയർമാൻ അറിയിച്ചിരുന്നത്. കൊവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജനങ്ങൾ സഹകരിക്കണമെന്ന അഭ്യർത്ഥനയും അദ്ദേഹം നടത്തിയിരുന്നു. രോഗവ്യാപനം ഈ മേഖലയിൽ സകല നിയന്ത്രണ നടപടികളും മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
മുക്കം സി.എച്ച്.സിയിൽ ഇന്നലെ പരിശോധന ഉണ്ടായിരുന്നില്ല. വിവിധ സ്വകാര്യ ലാബുകളിലെ പരിശോധനയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുക്കം സി.എച്ച്.സിയിൽ വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു,ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രജിത പ്രദിപ് എന്നിവർ അറിയിച്ചു.
കാരശ്ശേരി പഞ്ചായത്തിൽ ഇന്നലെ വരെ 424 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവിടെ ജില്ലാ കളക്ടർ നിയോഗിച്ച 9 അദ്ധ്യാപകരുടെ സഹായത്തോടെ പഞ്ചായത്ത് ഓഫീസിൽ വാർ റൂം മാതൃകയിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവർ ഒരോരുത്തരും രണ്ടു വീതം വാർഡുകളുടെ ചുമതല നിർവഹിക്കും. ആ വാർഡുകളിലെ രോഗികളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നം പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കും. ആവശ്യമായ ഉപദേശ നിർദ്ദേശങ്ങളും നൽകും. കൂടരഞ്ഞി പഞ്ചായത്തിന് കൊവിഡ് കാലത്ത് താത്കാലിക ഉപയോഗത്തിന് ഒരു ആംബുലൻസ് മുക്കത്തെ മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വിട്ടു നൽകി. പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് ഏറ്റുവാങ്ങി. ആംബുലൻസ് സേവനം ആവശ്യമാവുന്നവർക്ക് അതതു പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളെയോ 9072062695, 8848954346, 8156885009, 9947230201 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.