തിരുവനന്തപുരം: പട്ടികജാതി വികസന കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാലം ഡ്രീംസ് ഹൗസിൽ ബിനുവിനെയാണ് (33) കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെ. സദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാംപ്രതി രാഹുലും മറ്റുചിലരും കേരളത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ട്. രാഹുലുമായി ചേർന്ന് 8.45 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാജ അപേക്ഷ ചമച്ചാണ് പണം തട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
മിശ്രവിവാഹ ധനസഹായത്തിന് അപേക്ഷ നൽകാനെത്തിയപ്പോഴാണ് രാഹുലുമായി ബിനു പരിചയത്തിലാകുന്നത്. വകുപ്പിലെ സീനിയർ ക്ലാർക്കായ രാഹുലിന്റെ നിർദ്ദേശ പ്രകാരം ബിനു മറ്റ് ഗുണഭോക്താക്കളുടെ പേരിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചു. അപേക്ഷകളിൽ സ്വന്തം അക്കൗണ്ട് നമ്പറും നൽകി.
എന്നാൽ അക്കൗണ്ടിലെത്തിയ പണമെല്ലാം രാഹുലാണ് പിൻവലിച്ചിരുന്നതെന്നും നിശ്ചിത തുക തനിക്ക് കമ്മിഷൻ നൽകിയെന്നുമാണ് ബിനു പറയുന്നത്. രണ്ട് വിദ്യാർത്ഥികളുടെ ആനുകൂല്യം തട്ടിയ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ ഇതുവരെയുള്ള പരിശോധനയിൽ 59 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായി. 2016 മുതൽ അനുവദിച്ച ആനുകൂല്യങ്ങളുടെ ഓഡിറ്റ് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യമാണ് രാഹുലിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തത്. രാഹുലിനെയും മറ്റൊരു സീനിയർ ക്ലാർക്കായ പൂർണിമയെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ രണ്ട് പട്ടികജാതി വികസന ഓഫീസർമാർക്കെതിരെയും നടപടിയെടുത്തു. രണ്ട് എസ്.സി പ്രൊമോട്ടർമാരെയും കോർപ്പറേഷൻ പുറത്താക്കി. മറ്റുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.