വിതുര: മലയോരമേഖലയിൽ ഗ്രാമപ്രദേശങ്ങൾക്ക് പുറമേ ആദിവാസിമേഖലകളിലും കാെവിഡ് പടരുന്നു. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ ആദിവാസി ഉൗരുകളിൽ കൊവിഡ് പിടിമുറുക്കിയിട്ട് ആഴ്ചകളേറെയായി. നൂറുകണക്കിന് ആദിവാസികൾക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ വീടുകളിൽ തന്നെ കഴിയേണ്ട അവസ്ഥയാണിപ്പോൾ. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിൽ മൂന്നുപേരും വിതുര പഞ്ചായത്തിൽ ചാത്തൻകോട് ആദിവാസി ഉൗരിൽ ഒരാളും കൊവിഡ് ബാധിച്ച് മരിച്ചു. വിതുര പഞ്ചായത്തിലെ ചാത്തൻകോട്, ചെമ്മാംകാല, മണലി എന്നീ ആദിവാസി ഉൗരുകളിൽ നിരവധി ആദിവാസികൾ കൊവിഡ് ബാധിതരാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെയും, വിതുര താലൂക്ക് ആശുപത്രിയുടേയും, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങും നടക്കുന്നുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി അഞ്ഞൂറോളം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വിതുരയിൽ രോഗികളുടെ എണ്ണം 300 കടന്നപ്പോൾ തൊളിക്കോട്ട് 200 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ അടക്കം പത്ത് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വീടുകളിൽ കഴിയുന്ന രോഗികൾ ആശങ്കയിൽ
കൊവിഡ് ബാധിച്ച് വീടുകളിൽ ചികിത്സയിൽ കളിയുന്നവരിൽ കൂടുൽപേരും പ്രതിസന്ധിയിലാണ്. വീടുകളിൽ വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പ്രായമായവർക്കും കുട്ടികൾക്കും രോഗം പിടികൂടാൻ സാധ്യതയുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. വിതുര പഞ്ചായത്തിൽ കൊവിഡ് രോഗികൾക്കായി കൊവിഡ് കെയർ സെന്റർ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.
പരിശോധനയോട് വിമുഖത
കൊവിഡ് ബാധിച്ച് ആദിവാസി ഉൗരുകളിൽ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുന്നതിനായി വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ ആദിവാമേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന നടത്തണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. എന്നാൽ മിക്ക ആദിവാസി മേഖലകളിൽ നിന്നും കൊവിഡ് പരിശോധനയ്ക്കായി ആദിവാസികൾ എത്തുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനിടെ വാക്സിൻ ക്ഷാമവും രൂക്ഷമാണ്. ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ആദിവാസി സമൂഹം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ഭീതിയാലാണ്.
സഹായം നൽകണം
കൊവിഡ് ബാധിച്ച് പുറംലോകവുമായി ബന്ധപ്പെടുവാൻ കഴിയാതെ ആദിവാസിമേഖലകളിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിനിധിയിൽ നിന്നും 2000 രൂപ വീതം സാമ്പത്തികസഹായം നൽകണം
മോഹനൻ ത്രിവേണി
ആദിവാസി മഹാസഭ, സംസ്ഥാന പ്രസിഡന്റ്,
എസ്. കുട്ടപ്പൻ, ജനറൽ സെക്രട്ടറി