തിരുവനന്തപുരം: ടെക്നോപാർക്ക് സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ടോറസ് സബ്സിഡിയറി കമ്പനിയായ വിന്റർഫെൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് പോലുമില്ലാതെയാണ് മുന്നോട്ടുപോകുന്നതെന്ന ആരോപണമുയരുന്നു. ടെക്നോപാർക്കിന് 2010ൽ കിട്ടിയ പരിസ്ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്രാണ് ഇവർ ഉപയോഗിക്കുന്നത്. ആറ് ടവറിനാണ് ക്ലിയറൻസ് കിട്ടിയത്. ഗംഗ, യമുന എന്നീ ടവറുകൾ കെട്ടിയശേഷം തുടർപദ്ധതി ഉപേക്ഷിച്ചു. ബാക്കി ഭൂമി കമ്പനികൾക്ക് പാട്ടത്തിന് നൽകുകയായിരുന്നു. 2017മേയ് 27ന് പരിസ്ഥിതി ക്ലിയറൻസിന്റെ കാലാവധിയും കഴിഞ്ഞു. 2018 മാർച്ചിലാണ് വിന്റർഫെല്ലിന് ഭൂമി പാട്ടത്തിന് നൽകുന്നത്.
ടൗൺഷിപ്പിന് പരിസ്ഥിതി ക്ലിയറൻസ് ഉണ്ടെങ്കിലും ഭൂമി പാട്ടത്തിനെടുത്ത് സ്ഥാപനം നടത്തുന്നവർ പ്രത്യേകം പരിസ്ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്ര് നേടണമെന്നാണ് നിയമം. 2,71,148,4 ചതുശ്ര മീറ്രർ ചതുപ്പുനിലത്തിനാണ് കേരള എൻവയൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടി പരിസ്ഥിതി ക്ലിയറൻസ് നൽകിയത്. ടോറസ് നൽകിയ ഭൂമി ചതുപ്പ് നിലമാണെന്ന് റവന്യൂവകുപ്പും സമ്മതിക്കുന്നുണ്ട്. ടെക്നോപാർക്ക് വികസനവുമായി ബന്ധപ്പെട്ട് ഏറ്രെടുത്ത ഭൂമി തണ്ണീർത്തടമാണെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിലുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഫ്ലോർ ഏരിയ അനുപാതം മൂന്നാണെങ്കിൽ ഇവിടെ ഒമ്പതിരട്ടിവരെ വിസ്‌തീർണത്തിന് അനുമതി നൽകി. തണ്ണീർത്തടം നികത്താൻ കഴിയില്ലെന്നിരിക്കെ അതിന് അനുമതി നൽകിയതും നിയമവിരുദ്ധമാണെന്ന ആരോപണമുയർന്നു.
രണ്ട് ഉദ്യോഗസ്ഥർക്ക്
സസ്‌പെൻഷൻ
സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പദ്ധതിക്ക് സ്റ്രാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫിസിലും ഇളവ് നൽകാൻ പാട്ടക്കരാറിൽ വ്യവസ്ഥ ഉൾക്കൊള്ളിച്ചതിന് ടെക്നോപാർക്ക് ലീഗൽ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സ്റ്രാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫിസിലും ഇളവ് നൽകണമെന്ന ടോറസിന്റെ ആവശ്യം ടെക്നോപാർക്ക് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും സ്ഥലം അനുവദിച്ചത് വാണിജ്യ ആവശ്യത്തിനായതിനാൽ ഇളവ് നൽകാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇത് നിലനിൽക്കെയാണ് കരാറിൽ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായ വ്യവസ്ഥ ഏർപ്പെടുത്തിയത്.