പൂവാർ: മത്സ്യബന്ധനവും ടൂറിസവും ഒരുപോലെ പ്രാധാന്യമുള്ള നാടാണ് പൂവാർ. ഇവിടെയെത്തുന്ന സഞ്ചാരികൾക്കാകട്ടെ ഏറ്റവും പ്രിയപ്പെട്ടതാണ് പൂവാറിലെ ബോട്ട് സവാരി. എന്നാൽ കൊവിഡ് മഹാമാരി എല്ലാമേഖലകളെയും തളർത്തിയതുപോലെ ഈ മേഖലയേയും ബാധിച്ചു. കഴിഞ്ഞ വർഷം കൊവിഡ് ആരംഭിച്ചതുമുതൽ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കുകയും കാലങ്ങളോളം ബോട്ടുകൾ ഉപയോഗിക്കാൻ കഴിയാതെ അടച്ചിടുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം ബോട്ടുകളും തുരുമ്പോടുത്ത് നശിച്ചു. കൊവിഡിന് അല്പം ശമനം വന്നതോടെ ചില ഉടമകൾ ബോട്ട് അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും നീറ്റിലിറക്കി. ടൂറിസം മേഖല പതുക്കെ തലപൊക്കി വന്നപ്പോഴാണ് ഇപ്പോൾ വീണ്ടും കൊവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചത്. ഇതോടെ പൂവാറിലെ ബോട്ടുകൾ വീണ്ടും നിശ്ചലമായി. നൂറുകണക്കിന് വരുന്ന ബോട്ടുടമകളും ജീവനക്കാരും വീണ്ടും പ്രതിസന്ധിയിലായി. ലോണെടുത്തും മറ്റുമാണ് ഇത്തരക്കാർ ബോട്ടുകൾ വാങ്ങിയത്. മാസങ്ങളായി ഇവയുടെ തവണകൾ മുടങ്ങിയിരിക്കുയാണെന്നും, ഈട് നൽകിയ ഭൂമിയും കിടപ്പാടവും മറ്റും റിക്കവറിയുടെ വക്കിലാണെന്നും അവർ പറയുന്നു.
കൊവിഡിന്റെ ഒന്നാംഘട്ടം ശമിച്ചതോടെ ബോട്ട് സവാരിക്കായി എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വന്നു. പല ബോട്ടുകളിലും ജീവനക്കാർ ഇല്ലാതിരുന്നു. പകരം പുതിയ ആൾക്കാരെ കണ്ടെത്തിയും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയുമാണ് അവ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. കൂടാതെ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നിരവധി സംരംഭങ്ങൾ തീരത്ത് പുതുതായി ആരംഭിച്ചു. കുതിര സവാരിയും ഒട്ടക സവാരിയും സജീവമായി. ചെറുകിട കച്ചവടക്കാരുടെ ടെന്റുകൾ ഉയർന്നു. ഇതെല്ലാം കൊവിഡിന്റെരണ്ടാം വരവ് തകർത്തിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന് ശേഷം ടൂറിസം ഉണർന്നതോടെ ദുരിതം തീർന്നു എന്ന് കരുതിയിരുന്നവർക്ക് കൊവിഡ് വീണ്ടും വില്ലനായി. വൻകിട ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ബോട്ട് ക്ലബുകളുടെയും ബോട്ടുകൾ കൂടാതെ സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന നൂറ് കണക്കിന് ബോട്ടുകൾ പൂവാറിലുണ്ട്. ഇവരെയാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിക്കുന്നതും.