the-e

കിളിമാനൂർ: കൊവിഡ് പിടിമുറുക്കിയതോടെ ജനങ്ങലുടെ നിത്യജീവിതത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ പലതാണ്. അതിലൊന്നാണ് കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുന്നത്. ഇങ്ങനെ വീടുകളിൽ ഇത്തരത്തിലുള്ള മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാതെ വരികയും ശ്മശാനങ്ങളിലെ സൗകര്യങ്ങൾ പരമിതമാവുകയും ചെയ്തതോടെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാനാറയിലെ പൊതുശ്മശാനം (സമത്വ തീരം) ആശ്രയമായത് നൂറോളം കുടുംബങ്ങൾക്കാണ്. വേണ്ടപ്പെട്ടവർ മരിച്ചുകഴിഞ്ഞാൽ വീടിനോട് ചേർന്നോ വീടിനകത്തോ ഒക്കെ മൃതദേഹം അടക്കം ചെയ്യേണ്ട ഗതികേടിലായിരുന്നു ജനങ്ങൾ. ഈ സാഹചര്യത്തിലാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മറ്റു പഞ്ചായത്തുകളുമായി ചേർന്ന് പൊതുശ്മശാനം എന്ന ആശയം രൂപീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരെ വീടുകളിൽ അടക്കം ചെയ്യാൻ കഴിയാതെ വന്നപ്പോൾ ബ്ലോക്കിന് കീഴിലുള്ളവർക്ക് മാത്രമല്ല മറ്റു പഞ്ചായത്തുകളിൽ ഉള്ളവർക്കും ഈ ശ്മശാനം സഹായകമായി. സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രകാരം ജനങ്ങൾക്ക് വീടുകൾ ലഭിക്കുന്നുണ്ടെങ്കിലും സ്ഥലപരിമിതിയുള്ളവർക്ക് മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള പരിമിതികൾ മറികടക്കുന്നതിന് പൊതുശ്മശാനം പോലുള്ള പദ്ധതികൾ ആവശ്യമായിരുന്നു. ബ്ലോക്കിന് ഒരു ശ്മശാനം എന്ന സർക്കാർ ഉത്തരവ് പ്രകാരമായിരുന്നു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 'സമത്വതീരം" എന്ന പദ്ധതി നടപ്പിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ ശാന്തികവാടത്തിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും നിരവധിപേരാണ് സമത്വതീരത്തെ ആശ്രയിക്കുന്നത്.

 പദ്ധതിയിങ്ങനെ

 കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വാർഷിക പദ്ധതിയും പഴയകുന്നുമ്മൽ, കിളിമാനൂർ, നഗരൂർ, കരവാരം, മടവൂർ, പള്ളിക്കൽ, പുളിമാത്ത് പഞ്ചായത്തുകൾ സംയുക്തമായി ആരംഭിച്ചതാണ് സ്വമത്വതീരം പദ്ധതി.

 പഴയകുന്നുമ്മൽ പഞ്ചായത്തിലെ കാനാറ കുന്നിൽ 13 സെന്റ് സർക്കാർ ഭൂമിയിലാണ് ശ്മശാനം.

 നിർമ്മാണം എം.എച്ച്.ടി എൻജിനിയറിംഗ്.

 വൈദ്യുതിയിലും, ഗ്യാസിലും പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ശ്മശാനം

 ശാന്തികവാടത്തിൽ നിന്ന് 2 സ്ഥിരം ജീവനക്കാർ

 ചെലവായ തുക:

ഇലക്ട്രിക്കൽ ക്രിമിറ്റോറിയം 60 ലക്ഷം രൂപ

കെട്ടിട നിർമ്മാണം 40 ലക്ഷ രൂപ

 പ്രവർത്തനം

ബ്ലോക്കിന് പുറമെ സംസ്ഥാനത്ത് എവിടെ നിന്നുള്ള മൃതദേഹവും സംസ്കരിക്കും. മതിയായ രേഖകൾ ഹാജരാക്കണം. പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ. ബി.പി.എൽ കാർഡുകാർക്ക് 2000 രൂപയും, എ.പി.എൽ കാർഡുകാർക്ക് 2500 രൂപയും ആയിരിക്കും ഫീസ്.