തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുന്നതിനിടെ മൃഗശാലയിലും നിയന്ത്രണവും നിരീക്ഷണവും സജീവമാക്കി. കഴിഞ്ഞ ദിവസം ഹൈദരാബാദ് നെഹ്റു സുവോളജിക്കൽ പാർക്കിലെ 8 സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോ‌ർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണിത്. മാംസഭുക്കുകളായ മൃഗങ്ങൾക്കാണ് കൊവിഡ് ബാധിക്കാൻ സാദ്ധ്യത ഏറെയെന്ന് പഠനം പറയുന്നു. മൃഗശാലയിലേക്കുള്ള പ്രവേശനം രണ്ടാഴ്ച മുമ്പേ നിറുത്തിയിരുന്നു. അതേസമയം മൃഗശാലയിൽ മുഴുവൻ ജീവനക്കാർക്കും വാക്‌സിൻ ലഭ്യമാക്കിയിട്ടില്ല. 50 ശതമാനം ജീവനക്കാർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് പേർ മാത്രമേ രണ്ടു ഡോസും സ്വീകരിച്ചിട്ടുള്ളു. സ്ഥിരം ജീവനക്കാരുടെ ദൗർലഭ്യമുണ്ടായാൽ ദിവസന വേതനക്കാരെ ആശ്രയിക്കാനും തീരുമാനമുണ്ട്. 25 ശതമാനം ജീവനക്കാരെ മാത്രം വിനിയോഗിച്ചുള്ള പ്രവ‌‌ർത്തനവും മൃഗശാലയിൽ പ്രായോഗികമല്ല. ഏതാനും ജീവനക്കാ‌ർക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും വ്യാപനം ഉണ്ടായില്ല. ജീവനക്കാർക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകിയതായും അധികൃതർ അറിയിച്ചു. മൃഗങ്ങൾ എന്തെങ്കിലും രോഗലക്ഷണം പ്രകടിപ്പിക്കുയോ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റമോ ഉണ്ടായാൽ അധികൃതരെ അറിയിക്കാനും കീപ്പർമാർക്ക് നിർദ്ദശം നൽകി. ജീവനക്കാർക്ക് പനിയോ രോഗലക്ഷണങ്ങളോ ഉണ്ടായാൽ ജോലിയിൽ നിന്ന് മാറി നിൽക്കണം.

പഴുതടച്ച നിരീക്ഷണം

ഏഴു കടുവകൾ, രണ്ടു സിംഹം, ആറ് പുള്ളിപ്പുലികൾ എന്നിവയുടെ നിരീക്ഷണം കർശനമാക്കി

രണ്ടു ഡോസ് വാക്സിൻ എടുത്ത മൂന്ന് കീപ്പർമാരാണ് നിരീക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുക

 കൈയുറയും മുഖാവരണവുമടക്കം ധരിച്ച് മൃഗങ്ങളിൽ നിന്ന് രണ്ടു മീറ്റർ അകലവും പാലിച്ചാണ് ഇവരുടെ നിരീക്ഷണം

മറ്റുള്ളവർക്ക് കൂടിന്റെ ഭാഗത്തേക്ക് പ്രവേശനമില്ല

 അണുനശീകരണം നടത്തിയാണ് മാംസം അടക്കമുള്ള ഭക്ഷണങ്ങൾ നൽകുന്നത്

സി.സി ടി.വി കാമറ ഉപയോഗിച്ച് മൃഗങ്ങളെ നിരീക്ഷിക്കും

ലക്ഷണങ്ങൾ

മൂക്കിൽ നിന്നും വായിൽ നിന്നും സ്രവം പുറത്തേക്കുവരിക

വയറിളക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്

സ്വഭാവത്തിലുണ്ടാകുന്ന മാറ്റം