bangla

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിനും ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് തുടങ്ങി.

ലേബർ കമ്മീഷണറുടെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവരുടെ കണക്കെടുപ്പ് ഒരാഴ്ച മുമ്പ് തുടങ്ങിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ഇവരുടെ താമസ സ്ഥലങ്ങളിൽ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ആവശ്യാനുസരണം എത്തിക്കും. ഭക്ഷണം ആവശ്യമെങ്കിൽ അതും എത്തിക്കും.റവന്യു,സിവിൽ സപ്ളൈസ് വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാവും പ്രവർത്തനങ്ങൾ.

ശേഷിക്കുന്നത് 2 ലക്ഷം പേർ

നേരത്തെ തൊഴിൽ വകുപ്പിന്റെ ആവാസ് ഇൻഷ്വറൻസ് പദ്ധതി പ്രകാരം അഞ്ചേകാൽ ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് രണ്ട് ലക്ഷത്തോളം പേർ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇതിൽ നല്ലൊരു പങ്കും തിരിച്ചെത്തിയില്ല. കൊവിഡ് തുടർന്നു പോയതിനാൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞതോടെ പിന്നെയും കുറേപ്പേർ സ്ഥലംവിട്ടു. ഇപ്പോൾ രണ്ട് ലക്ഷത്തിൽ താഴെ അന്യസംസ്ഥാന തൊഴിലാളികളാണ് ശേഷിക്കുന്നത്.