christudas

കാട്ടാക്കട: അർപ്പണ ബോധവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ സമൂഹത്തിന് തണലാകാമെന്ന് തെളിയിച്ച ഡെയിൽവ്യൂ ഡയറക്ടർ ഡോ. സി. ക്രിസ്‌തുദാസ് ഓർമ്മയായി. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം ക്ഷേമ പ്രവർത്തനങ്ങളിലൂടെ ഡെയിൽവ്യൂ എന്ന പ്രസ്ഥാനത്തെ വളർത്തിയെടുത്തു. പുനലാൽ എന്ന ചെറിയ ഗ്രാമത്തിലെ എൽ.കെ.ജി സ്‌കൂൾ മുതൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ വരെ ആരംഭിച്ച അദ്ദേഹം മുൻ രാഷ്ട്രപതി ഡോ. അബ്ദുൾ കലാം ഇന്റർനാഷണൽ സ്‌മൃതി സെന്ററും മ്യൂസിയവും ശ്രദ്ധനേടുന്ന സ്ഥാപനമാക്കി മാറ്റി.

നെയ്യാറ്റിൻകര ചെങ്കൽ വ്ലാത്താങ്കരയിലെ സ്വാതന്ത്ര്യസമര സേനാനി ഡി. ചെല്ലപ്പന്റെയും എസ്‌തറിന്റെയും മൂന്നാമത്തെ മകനായ ക്രിസ്‌തുദാസ് 1975ലാണ് വെള്ളനാട്ട് എത്തുന്നത്. പുനലാൽ ഗ്രാമത്തിൽ 1976ൽ മഹിളാ സമാജമായി പ്രവർത്തനമാരംഭിച്ച ഡെയിൽവ്യൂവിന് കീഴിൽ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ഡെയിൽവ്യൂ ഫാർമസി കോളേജ് ആൻഡ് റിസർച്ച് സെന്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഡീ അഡിക്ഷൻ സെന്റർ, പുനലാൽ,​ കാട്ടാക്കട എന്നിവിടങ്ങളിലെ സ്കൂളുകൾ, കൃഷിത്തോട്ടം, ഹാച്ചറി തുടങ്ങി സർവ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കാൻ ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ഡെയിൽവ്യൂവിന് കഴിഞ്ഞു. ജലക്ഷാമം പരിഹരിക്കാൻ ആരംഭിച്ച അത്തിയറ നീർത്തട വികസന പദ്ധതികളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഈറ്റത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ ബാംബൂ ഡിപ്പോകൾ തുടങ്ങിയതിന് പുറമേ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികളും ഡെയിൽവ്യൂ ഏറ്റെടുത്തു. ജില്ലയിൽ 45ലധികം ആരോഗ്യ വിജ്ഞാന കേന്ദ്രങ്ങളാണ് ഡെയിൽവ്യൂ തുടങ്ങിയത്. സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംസഹായ സംഘങ്ങളും തുടങ്ങി. മഴവെള്ള സംഭരണികൾ സ്ഥാപിച്ചതിനൊപ്പം ജില്ലയിലെ കർഷകർക്ക് കോഴികളെയും വിതരണം ചെയ്‌തു.

പുനലാലിലെ സ്‌കൂളും കാട്ടാക്കടയിലെ നിയോഡെയിൽ സെക്കൻഡറി സ്‌കൂളും ഫാർമസി രംഗത്തെ ഗവേഷണ സ്ഥാപനമായ ഡെയിൽവ്യൂ ഫാർമസി കോളേജും വിദ്യാഭ്യാസ രംഗത്തെ ക്രിസ്‌തുദാസിന്റെ ശ്രദ്ധേയമായ സംഭാവനയാണ്. പ്രദേശവാസികളെ മദ്യപാനത്തിൽ നിന്നും രക്ഷിക്കുന്നതിനായി ഡീ അഡിക്ഷൻ സെന്റർ സ്ഥാപിച്ചതും അദ്ദേഹത്തെ പ്രിയങ്കരനാക്കി. ജില്ലയിൽ 1000ലധികം വീടുകളും ഡെയിൽവ്യൂ നിർമ്മിച്ചുനൽകി. പ്രവൃത്തിയാണ് ആരാധന എന്നതിൽ വിശ്വസിക്കുന്ന ആളായിരുന്നു ക്രിസ്‌തുദാസ്. നിരവധി ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലളിത ജീവിതം നയിച്ച അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്കും പൊതുപ്രവർത്തകർക്കും മാതൃകയാണ്. ശാന്താ ദാസാണ് ഭാര്യ. ഡീനാ ദാസ്, ഡിപിൻ ദാസ്, ഡിനിൽ ദാസ് എന്നിവർ മക്കളും ഡോ. ഷൈജു ആൽഫി, എം.എസ്. രമ്യ, ഡോ. ജീനാരാജ് എന്നിവർ മരുമക്കളുമാണ്.