പാറശാല: പൊഴിയൂരിൽ എ.വി.എം കനാലിന് കുറുകെയുള്ള പാലത്തിന്റെ പുനർനിർമ്മാണം അനിശ്ചിതത്ത്വത്തിൽ തുടരുകയാണ്. പൊഴിയൂർ ക്ഷേത്രനട ജംഗ്‌ഷനെ തീരദേശവുമായി ബന്ധിപ്പിക്കുന്നതും ഇവിടത്തുകാർക്ക് വേഗത്തിൽ തീരത്ത് എത്തിച്ചേരാനുള്ള വഴിയുമാണ് പള്ളിപ്പാലം എന്നറിയപ്പെടുന്ന ഈ പാലം. മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ഈ പാലം ഏറെ പ്രയോജനകരമാണ്.
ഈ പാലം വരുന്നതിന് മുൻപ് പൊഴിയൂരിൽ നിന്ന് ഒന്നരക്കിലോമീറ്രറോളം ചുറ്റി പൊഴിയൂർ ജംഗ്ഷനിലെ മറ്റൊരു പാലത്തിലൂടെയാണ് ഇവിടത്തുകാർ തീരദേശത്തെത്തിയിരുന്നത്. ഈ ബുദ്ധിമുട്ട് പരിഗണിച്ചാണ് വർഷങ്ങൾക്ക് മുൻപ് വീതികുറഞ്ഞ പള്ളിപ്പാലം നിർമ്മിച്ചത്.
അഞ്ചടിയാണ് ഈ പാലത്തിന്റെ വീതി. ഈ പാലത്തെ സംബന്ധിച്ചുള്ള പ്രധാന പ്രശ്നവും വീതിക്കുറവാണ്. കാൽനടയാത്രക്കാർ ഈ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇരുചക്രവാഹനം കടന്നുവന്നാൽ ആകെ ബുദ്ധിമുട്ടാകും. ഒരു ഓട്ടോറിക്ഷയ്ക്ക് ഈ പാലത്തിലൂടെ കഷ്ടിച്ച് കടന്നുപോകാൻ കഴിയും. ഇത്തരത്തിൽ ഒരു ഓട്ടോറിക്ഷ കടന്നുപോകുമ്പോൾ മറ്റ് യാത്രക്കാർ പാലത്തിന് പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണിപ്പോൾ. 30 വർഷം മുൻപ് നിർമ്മിച്ചതാണ് ഈ പാലം. ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നതിത് കഴിയുന്ന രീതിയിൽ പാലത്തിന്റെ വീതി കൂട്ടി പുനർനിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികളുടെ പരാതി പരിഗണിച്ച് പാലത്തിന്റെ വീതി കുട്ടുന്നതിന് തീരദേശവികസന കോർപറേഷൻ പദ്ധതികൾ തയ്യാറാക്കിയതനുസരിച്ച് കഴിഞ്ഞ രണ്ട് വർഷം മുൻപ് നബാർഡിന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പാലത്തിന്റെ ഇരുവശത്തെയും ബന്ധിപ്പിക്കുന്ന റോഡ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്തിന് കഴിഞ്ഞില്ല. കാലാവധിക്കുള്ളിൽ നിർമ്മാണ ജോലികൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെ അനുവദിച്ചിരുന്ന തുക പാഴാവുകയായിരുന്നു.
പാലം പുനർനിർമ്മിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ
മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തിൽ വേഗത്തിൽ എത്തുന്നതിനും മത്സ്യവുമായി വിവിധ മേഖലകളിലേക്ക് പോകാനും കഴിയും
പാലത്തിന്റെ വീതികൂടിയാൽ വിദ്യാർത്ഥികൾക്ക് സൗകര്യമാകും
ഞായറാഴ്ച ദിവസങ്ങളിലും മറ്റ് പ്രത്യേക ദിവസങ്ങളിലും പ്രദേശത്തെ ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ സമൂഹ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ ഇടുങ്ങിയ ഈ പാലത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പാലം വന്നാൽ ഈ തിരക്ക് ഒഴിവാക്കാൻ കഴിയും.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലത്തെത്തിയ എം.എൽ.എയോട് പ്രദേശത്തെ വിവിധ സമുദായ നേതാക്കൾ കനാലിന് കുറുകെ വീതിയുളള പുതിയ പാലവും റോഡും നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരണം: പൊഴിയൂരിൽ എ.വി.എം കനാലിന് കുറുകെ സ്ഥാപിച്ചിട്ടുള്ളതും ജീർണാവസ്ഥയിലുള്ളതുമായ പള്ളിപ്പാലം നാട്ടുകാർക്ക് പ്രയോജനകരമായ രീതിയിൽ വീതി കൂട്ടി പുനർനിർമ്മിക്കാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണം
പൊഴിയൂരിലെ നാട്ടുകാർ