തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിക്കും വയലാർ രവിക്കും യു.ഡി.എഫ് മുൻ കൺവീനർ പി.പി.തങ്കച്ചനും ഏർപ്പെടുത്തിയിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചു. നാല് ഗൺമാൻമാരെയായിരുന്നു ആന്റണിയുടെ സുരക്ഷയ്ക്ക് നിയാേഗിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആഭ്യന്തര വകുപ്പിന്റെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ആന്റണി എത്താറില്ലാത്തതിനാൽ സുരക്ഷ ഒഴിവാക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ അവലോകന സമിതി വിലയിരുത്തി. ഇതിനൊപ്പമാണ് വയലാർ രവിയുടെയും തങ്കച്ചന്റെയും സുരക്ഷയും പിൻവലിച്ചത്.
മുൻ പ്രതിരോധമന്ത്രി എന്ന നിലയിലുള്ള ആന്റണിയുടെ സുരക്ഷ 2017 ജൂലായിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. വൈ പ്ലസിൽ നിന്നു വൈ വിഭാഗത്തിലേക്കാണ് മാറ്റിയത്.