road

നെയ്യാറ്റിൻകര: ഏറെക്കാലമായി തകർന്നുകിടന്ന നെയ്യാറ്റിൻകര കോടതി- രാമേശ്വരം- അമരവിള റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലോറികളും മറ്റും അമിതഭാരംകയറ്റി ഏറെ കാലപ്പഴക്കമുള്ള റോഡിലൂടെ യാത്ര പതിവായിരുന്നു. റോഡിൽ ഇത്തരം വാഹനങ്ങൾ കയറരുതെന്ന് പലതവണ താക്കീത് നൽകിയിട്ടും വാഹനങ്ങളുമായി എത്തുന്നവർ കേട്ടഭാവം കാണിക്കാറില്ല. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഫലമായാണ് ഇപ്പോൾ റോഡ് നവീകരിക്കാൻ തീരുമാനമായത്. 2.5 കി.മീ ദൂരത്തിൽ 2.5 കോടി രൂപ ചെലവാക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വീതികൂട്ടി ആധുനിക സംവിധാനത്തിലുള്ള റോഡും നടപ്പാതയും നിർമ്മിക്കാനാണ് ഇത്രയും തുക അനുവദിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടൺ കണക്കിന് വരുന്ന ഹോളോബ്രിക്സ്, കരിങ്കല്ല്, മറ്റ് ചരക്കിനങ്ങൾ എന്നിവ കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതാണ് റോഡിന്റെ ടാറിംഗ് തകരുന്നതിന് ഇടയാക്കിയത്. അർദ്ധരാത്രിക്ക് ശേഷമാണ് ഇതുവഴിയുളള വാഹനഗതാഗതം കൂടുതലായി നടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ ഈ റോഡ് വഴി കടന്നുപോകുന്നത്. അമരവിള മുതൽ ചെക്ക്പോസ്റ്റ് ജംഗ്ഷൻ വരെയുള റോഡിന്റെ അടിഭാഗം ജലസാന്നിദ്ധ്യം കൂടുതലുളള ഇടമാണ്. വയൽ നികത്തിയ ഇടത്താണ് ഇതുവരെയുളള ഭാഗം റോഡാക്കി മാറ്റിയിട്ടുളളത്. ഇതാണ് ഭാരം കയറ്റിവരുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാർ ഇളകി മാറുന്നതിനുളള കാരണം. ഇത് സംബന്ധിച്ച് 'കേരളകൗമുദി' നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധവും പത്രവാർത്തയും കണക്കിലെടുത്താണ് കെ. ആൻസലൻ എം.എൽ.എ വിഷയത്തിലിടപെടുകയും റോഡ് നവീകരിക്കാൻ പി.ഡബ്ല്യു.ഡി തയാറാവുകയും ചെയ്തത്.

റോഡിന്റെ നീളം....... 2.5 കി.മീ

അനുവദിച്ച തുക........ 2.5 കോടി

 നിർമ്മാണം ശക്തം

നിലവിൽ കരിങ്കല്ലുകൾ പാകി റോഡ് ഉറപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിന് രണ്ടാഴ്ചയോളം വേണ്ടിവരും. അത് കഴിഞ്ഞ് റോഡ് കോൺക്രീറ്റ് ചെയ്യും. ശേഷം റോഡിന്റെ ഇരുവശവുമുളള നടപ്പാതയുടെ പണി പൂർത്തിയാക്കും. ജൂണിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യമനുസരിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായാൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഒരു മാസം കൂടി അധികം വേണ്ടിവരും.

 ചെക്ക് പോസ്റ്റും സ്ഥാപിക്കും

ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാൻ പാടില്ലായെന്ന ലോകായുക്തയുടെ വിധി നിലനിൽക്കെയാണ് അവയെല്ലാം ലംഘിച്ചുകൊണ്ട് വാഹനങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. രാമേശ്വരം പാലക്കടവിന് സമീപം വാഹന ഗതാഗതം നിയന്ത്രിക്കാനായി ചെക്ക് പോസ്റ്റിന് മുന്നിൽ ഒരു ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും അത് സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെക്ക് പോസ്റ്റിൽ ബാരിക്കേഡ് സ്ഥാപിക്കുമെന്നാണ് വിവരം. അങ്ങനെയായാൽ അനധികൃത കടത്ത് കുറയുകയും റോഡിന്റെ പ്രതലം കേടാകാതെ കൂടുതൽ നാൾ നിലനിൽക്കുമെന്ന പ്രതീക്ഷയും പ്രദേശവാസികൾക്കുണ്ട്.