malayinkil

മലയിൻകീഴ്: മാറനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിൻ ലഭ്യമല്ലെങ്കിലും തിരക്കിന് ശമനമുണ്ടാകുന്നില്ല. രാവിലെ 6 മുതൽ ജനം തിക്കിത്തിരക്കിയെങ്കിലും 185 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. ടോക്കൺ സംവിധാനം ഇല്ലാതിരുന്നിട്ടും പിടിപാടുള്ളവർക്ക് വാക്സിൻ ലഭിച്ചതിനാൽ അതിരാവിലെ എത്തിയവരിൽ പലരും നിരാശയോടെ മടങ്ങിയ സംഭവം ആക്ഷേപമുയർത്തി. മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മുതൽ ആയിരങ്ങൾ ടോക്കൺ വാങ്ങാനെത്തിയെങ്കിലും വാക്സിന്റെ ദൗർലഭ്യം കാരണം 140 പേർക്ക് മാത്രമാണ് ടോകൺ നൽകിയത്. രാവിലെ 5ന് തുടങ്ങിയ ടോക്കൺ വിതരണം 5.30ക്ക് അവസാനിച്ചു. കഴിഞ്ഞ 4 ദിവസമായി വാക്സിനെടുക്കാനായി എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സെക്കന്റ് ഡോസ് വാക്സിനാണ് ഇന്നലെ നൽകിയത്. തിരക്ക് നിയന്ത്രിക്കുന്നതിന് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായരും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബുവും പുലർച്ചെ 4 ന് ആശുപത്രിയിലെത്തിയിരുന്നു.