supreme-court

സംവരണം ഇന്ത്യയിൽ പൊള്ളുന്ന വിഷയമാണ്. നൂറ്റാണ്ടുകളോളം സർവവും നിഷേധിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന വാഗ്‌ദാനം ചെയ്തിരിക്കുന്ന അവകാശമാണ് സംവരണം. അതിനാൽ ആദ്യമെ പറയട്ടെ സംവരണം ആരുടെയും ഔദാര്യമല്ല. ആരെങ്കിലും മുകളിലിരുന്ന് വിതരണം ചെയ്യുന്ന അപ്പക്കഷ‌ണങ്ങളുമല്ല . ജനിച്ച ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ അകറ്റിനിറുത്തുകയും സാമ്പത്തികമായും സാമൂഹ്യമായും യുഗങ്ങളോളം ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ മാനസികമായി അകറ്റി നിറുത്താനേ കഴിയുന്നുള്ളൂ. ഇനി ചൂഷണം നടക്കില്ല. ഉദ്യോഗസ്ഥരായും ഭരണാധികാരികളായും എണ്ണമറ്റ പിന്നാക്ക വിഭാഗക്കാർ കരുത്ത് തെളിയിച്ചു കഴിഞ്ഞു. സംവരണം തുടർന്നാൽ കഴിവില്ലാത്തവർ കയറിപ്പറ്റി സർവീസുകളുടെ ഗുണനിലവാരം ഇടിയുമെന്ന് അലമുറയിട്ടവരാണ് ഇപ്പോൾ നമുക്കും വേണം സംവരണമെന്നാവശ്യപ്പെട്ട് വന്നിരിക്കുന്നത് എന്നത് ഈ വിഷയത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്.

ഉയർന്ന ജാതിയിൽപ്പെട്ടവർക്കാണ് സംവരണം ഇപ്പോൾ പൊള്ളുന്ന വിഷയമായിരിക്കുന്നത്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ എത്രപേരാണ് പൊള്ളലേറ്റ് മരിച്ചത്. ജനറൽ വിഭാഗം എന്നാൽ അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ആ വിഭാഗത്തിലും എസ്.സി, എസ്.ടി, പിന്നാക്ക, മുസ്ളിം വിഭാഗങ്ങളിലുള്ളവരും നേരിട്ട് കയറാൻ തുടങ്ങിയതാണ് ഇപ്പോൾ പലരെയും വികളി പിടിപ്പിച്ചിരിക്കുന്നത്. അങ്ങനെ ആരെങ്കിലും കയറുന്നുണ്ടെങ്കിൽ അത് അവർ ജനിച്ച ജാതിയുടെ പേരിലല്ല, മിടുക്കിന്റെ അടിസ്ഥാനത്തിലാണ്. അതിൽ ആരും വിലപിച്ചിട്ട് കാര്യമില്ല. രാജഭരണ കാലത്ത് ജാതിക്കല്ലാതെ മിടുക്കിന് യാതൊരു സ്ഥാനവുമില്ലായിരുന്നു. താഴ്‌ന്ന ജാതിക്കാരന് ഉദ്യോഗം നൽകില്ലെന്ന് മാത്രമല്ല അവന്റെ വീട് ഓട് മേയാൻ പോലും അനുവദിക്കില്ലായിരുന്നു. നിങ്ങൾ ഇഷ്ടിക വച്ച് വീടുവച്ചാൽ ഞങ്ങൾ പൊന്ന് വച്ച് വീട് പണിയേണ്ടിവരില്ലേ എന്ന് മഹാരാഷ്ട്രയിലെ ഒരു ദളിത് സാഹിത്യകാരൻ എഴുതിയ നാടകത്തിൽ 'ഉയർന്ന ജാതിക്കാരൻ" താഴ‌്‌ന്ന ജാതിക്കാരനോട് ചോദിക്കുന്ന ചോദ്യം വർത്തമാനകാല ഇന്ത്യയിൽ ഇന്നും പ്രസക്തമാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ചിലർക്ക് തെറ്റിയും തെറിച്ചും ചില സ്ഥാനങ്ങൾ ലഭിച്ചത്. അപ്പോൾ കുതിരയെയും പോത്തിനെയും ഒന്നിച്ച് ഒരു നുകത്തിൽ കെട്ടിയാൽ ശരിയാവുമോ എന്ന മട്ടിൽ എഡിറ്റോറിയൽ എഴുതിയ ചില മഹാന്മാർ ജീവിച്ചിരുന്ന നാടാണ് കേരളം. ഞങ്ങളെല്ലാം കുതിരകൾ നിങ്ങളെല്ലാം പോത്തുകൾ എന്ന ജാതിചിന്തയിൽ അടിസ്ഥാനമായ നീചവികാരത്തിന്റെ പ്രതിഫലനമായേ ഇതിനെയൊക്കെ ഇവിടത്തെ പിന്നാക്ക വിഭാഗക്കാർ കണ്ടിരുന്നുള്ളൂ. അവർ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് സംവരണമെന്ന അവകാശം. അവരുടെ ജന്മാവകാശമാണത്. ഒരു തമ്പുരാന്റെ മുന്നിലും അവർ അത് അടിയറ വയ്‌ക്കാനും പോകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിയെ ഞങ്ങൾ വിലയിരുത്തുന്നത്.

അസാധാരണ സാഹചര്യത്തിലല്ലാതെ 50 ശതമാനം സംവരണ പരിധി ലംഘിക്കാൻ പാടില്ലെന്ന ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും മറാത്ത സംവരണം റദ്ദാക്കിയ വിധിപ്രസ്താവത്തിൽ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയിരിക്കുകയാണ്.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ കേരള സർക്കാർ മുന്നോട്ടുവന്ന ആദ്യഘട്ടത്തിൽ തന്നെ ഇത് ഭരണഘടനാപരമായി ശരിയല്ലെന്നും കോടതിയിൽ നിലനിൽക്കില്ലെന്നും കേരളകൗമുദി നിരവധി റിപ്പോർട്ടുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. അതാണ് അക്ഷരംപ്രതി സുപ്രീംകോടതി വിധിയിലൂടെ ഇപ്പോൾ ശരിയായിരിക്കുന്നത്.

സംവരണ വിഷയത്തിൽ എക്കാലത്തും കള്ളക്കളികളാണ് നടക്കുന്നത്. ഒരുകാലത്തും ഒരു സർക്കാരും ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കില്ല. കേരളത്തിൽ തന്നെ അതൊന്നു പ്രസിദ്ധീകരിക്കട്ടെ. മുന്നാക്ക സമുദായത്തിൽപ്പെട്ട എത്രപേർ സർവീസുകളിൽ ജോലി ചെയ്യുന്നു എന്നതിന്റെ കൃത്യമായ ഡേറ്റ അപ്പോൾ ലഭിക്കും. അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിദ്ധ്യം ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ആ സമുദായങ്ങളെ ബോദ്ധ്യപ്പെടുത്താനും അതാവശ്യമാണ്. അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ പിന്നെ അവർ വേവലാതിപ്പെടേണ്ട കാര്യമില്ലല്ലോ. അതിന് ഒരു രാഷ്ട്രീയ നേതൃത്വവും തയ്യാറാവില്ല. കാരണം അങ്ങനെ ഒരു ലിസ്റ്റ് വന്നാൽ ഞങ്ങളുടെ സ്ഥാനങ്ങളെല്ലാം നഷ്ടപ്പെടുന്നേ എന്ന മുന്നാക്ക വിഭാഗ നേതാക്കളുടെ മുറവിളിയുടെ പൊള്ളത്തരം വെളിച്ചത്താകും. ഉദാഹരണത്തിന് ഇപ്പോൾ തന്നെ 80 ശതമാനത്തിലധികം മുന്നാക്ക വിഭാഗക്കാർ ജോലി ചെയ്യുന്ന ഇടമാണ് ദേവസ്വം ബോർഡ്. അവിടെയാണ് കഴിഞ്ഞ സർക്കാർ 10 ശതമാനം സംവരണം കൂടി മുന്നാക്ക വിഭാഗത്തിന് നൽകിയത്. ഇത് ആധുനിക കാലമാണ്. ഡേറ്റകളുടെ അടിസ്ഥാനത്തിൽ വേണം ഭരണാധികാരികൾ തീരുമാനമെടുക്കാൻ. അതിനാൽ സെൻസസ് നടക്കുമ്പോൾ എല്ലാ വിഭാഗങ്ങളുടെയും മതം മാത്രം രേഖപ്പെടുത്തിയാൽ പോരാ. ജാതി കൂടി രേഖപ്പെടുത്തണം. അപ്പോൾ മാത്രമേ പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ സംബന്ധിച്ച ഡേറ്റ സർക്കാരിന് ലഭിക്കൂ. ജനസംഖ്യാനുപാതികമായി ഓരോ വിഭാഗത്തിനും മതിയായ പ്രാതിനിദ്ധ്യം സർവീസുകളിൽ ലഭിച്ചിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക കൂടി ഉണ്ടെങ്കിൽ അപ്പോൾ അറിയാനാകും. അതിനാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. പക്ഷേ ആ രീതിയിൽ ശാസ്‌ത്രീയമായ വ്യക്തത വരുത്താൻ ഒരു ഭരണകൂടവും ശ്രമിക്കുന്നില്ല. വൃഥാ ആരോപണങ്ങളുടെ പേരിൽ വഴക്കടിച്ച് ഭിന്നിച്ച് നിൽക്കുന്ന വോട്ടുബാങ്ക് സമൂഹങ്ങളെയാണ് അവർക്ക് ആവശ്യം. ഇതിനെതിരെ ഇന്ത്യ മുഴുവൻ മാതൃകയാവുന്ന ഒരു തുടക്കം എന്ന നിലയിൽ കേരള സർക്കാർ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ തയാറാകണം. ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ഡേറ്റ പുറത്തുവരുമ്പോൾ ഇപ്പോൾ പലർക്കും ഉള്ളതായി നടിക്കുന്ന പേടിയും പൊള്ളലും വെറും സ്ഥലജലഭ്രമമാണെന്ന് ബോദ്ധ്യപ്പെടാതിരിക്കാൻ വഴിയില്ല.