obitury

ബാലരാമപുരം: സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ യൂണിയൻ കോളേജ് സ്ഥാപകൻ ഇസ്മായിൽ (73)നാടിനോ‌ട് വിടചൊല്ലി. അഞ്ചു പതിറ്റാണ്ടായി ബാലരാമപുരത്ത് അദ്ധ്യാപന രംഗത്തെ വഴികാട്ടിയായ ഇസ്മായിൽ വ്യാഴാഴ്ച പുലർച്ചെയാണ് നിര്യാതനായത്. സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിന് മാറ്റം കൊണ്ടുവന്നത് യൂണിയൻ കോളേജിന്റെ വരവോടെയായിരുന്നു. കേരള യൂണിവേഴ്സിറ്റി പ്രൊഫസർ എം.എ. സിദ്ദിഖ് ഉൾപ്പെടെ സംസ്ഥാനത്തെ ഉന്നതനിലയിൽ പ്രവർത്തിക്കുന്ന മിക്ക ഉദ്യോഗസ്ഥരും യൂണിയൻ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ചെറിയ ക്ലാസുകളിൽ ട്യൂഷൻ പഠിപ്പിച്ചായിരുന്നു ഇസ്മായിലിന്റെ തുടക്കം. ബാലരാമപുരം എം.സി.സ്ട്രീറ്റിൽ പിതൃസഹോദരന്റെ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ. പിന്നീട് മെയിൻ റോഡിൽ സ്വന്തം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചതോടെ യൂണിയൻ കോളേജിന്റെ പ്രശസ്തി രക്ഷിതാക്കളെയും വിദ്യാർത്ഥി സമൂഹത്തെയും ആകർഷിച്ചു. 1990 -2000 കാലയളവിൽ പാരലൽ -കോളേജ് എന്ന ആശയത്തിന്റെ നെടുംതൂണായിരുന്ന യൂണിയൻ കോളേജ്. പ്രഗല്ഭരായ അദ്ധ്യാപകരുടെ കാസുകൾ വിദ്യാർത്ഥികളുടെ വരവിന് ആക്കം കൂട്ടി. കെ.എസ് .ആർ. ടി സി യിൽ കണ്ടക്ടറായി ഉദ്യോഗം ലഭിച്ച അദ്ദേഹം അദ്ധ്യാപനത്തിലുള്ള താത്പര്യം കാരണം ജോലി ഉപേക്ഷിച്ചു. ഗണിതശാസ്ത്രത്തോടായിരുന്നു താത്പര്യമെങ്കിലും ഏത് വിഷയത്തിലും പ്രത്യേക നൈപുണ്യം നേടി. ഗണിതം ലളിതമായി കുട്ടികളിലെത്തിക്കാൻ രസകരമായ ചില പദങ്ങളും സ്വന്തമായി കണ്ടെത്തിയിരുന്നു. ബാലരാമപുരത്തെയും സമീപ പ്രദേശങ്ങളിലെയും ലക്ഷക്കണക്കിന് കുട്ടികളുടെയും അദ്ധ്യാപകരുടെയും പരിശീലനക്കളരിയുമായിരുന്നു യൂണിയൻ കോളേജ്.