വർക്കല:വർക്കല താലൂക്ക് ആശുപത്രി ജീവനക്കാരിൽ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 2 ദിവസങ്ങളിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്.ഇതേതുടർന്ന് ആശുപത്രിയിൽ ബാക്കിയുള്ള ജീവനക്കാരിൽ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ച് കൊവിഡ് ടെസ്റ്റിനായി നൽകിയിരിക്കുകയാണ്.നിലവിൽ കൊവിഡ് സ്ഥിരീകരിച്ച 6 പേരിൽ 5 പേർ അവരവരുടെ വീടുകളിൽത്തന്നെ ക്വാറന്റൈനിലാണ്.ഒരാൾ ശിവഗിരി കൺവെൻഷൻ സെന്ററിലുള്ള സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്. ലോക് ഡൗൺ കാലയളവിൽ ആശുപത്രിയുടെ സേവനങ്ങൾ പരിമിതപ്പെടുത്താനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.എന്നാൽ,ലോക് ഡൗൺ സമയത്തെ സാഹചര്യങ്ങൾ പരിഗണിച്ചുമാത്രമേ അക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.നിലവിൽ താലൂക്ക് ആശുപത്രിയിൽ കൊവിഡ് ചികിത്സാ വാർഡ് പ്രവർത്തിക്കുന്നില്ല.എന്നാൽ,കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി കൊവിഡ് വാർഡ് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.