s

തിരുവനന്തപുരം: പാണക്കുന്നത്തെ വൈദ്യുതിപോസ്റ്റിൽ നിന്ന് ലൈൻമാൻ കൊച്ചുകുട്ടൻ ഷോക്കേറ്റ് വീണപ്പോൾ ഇരുട്ടിലായത് ഭാര്യയും മകനും മകളും ഉൾപ്പെടുന്ന ഒരു കുടുംബം മുഴുവനുമായിരുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാതെ 10 വർഷത്തിലേറെയായി ഒരേ കിടപ്പാണ്. ഇപ്പോൾ 52 വയസായ കൊച്ചുകുട്ടന്റെ ഉള്ളിൽ ഒാർമ്മവരുമ്പോഴൊക്കെ തീയായിരുന്നു. അത്രയ്ക്ക് ദൈന്യമാണ്, കൊച്ചുകുട്ടന്റെയും ഭാര്യ ബിന്ദുവിന്റെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും അവസ്ഥ. കൊച്ചുകുട്ടനെ നോക്കിയും ചികിത്സിച്ചും തകർന്ന ആ വീട്ടിലേക്കാണ് അപ്രതീക്ഷിത വെളിച്ചമായി ഇന്നലെ കെ.എസ്.ഇ.ബി.യുടെ ഉത്തരവെത്തിയത്.

സ്ഥിരം ജീവനക്കാരനായിരുന്ന കൊച്ചുകുട്ടനെ പൂർണശമ്പളത്തോടെ സർവീസിൽ തിരിച്ചെടുത്തു. പത്തര വർഷത്തെ ശമ്പളം ഒരുമിച്ചു നൽകും. ഇനി വിരമിക്കുവോളം എല്ലാ ആനുകൂല്യത്തോടെയും ശമ്പളവും ജീവനക്കാരനെന്ന നിലയിൽ ചികിത്സാസഹായവും ലഭിക്കും.

പട്ടികജാതി വിഭാഗത്തിൽപെട്ട കൊച്ചുകുട്ടന്റെ ദുരിതകഥ ഭാര്യ ബിന്ദു ഒരു കത്തിലൂടെ കെ.എസ്.ഇ.ബി.ചെയർമാൻ എൻ. എസ്.പിള്ളയെ അറിയിക്കുകയായിരുന്നു. അതിൽ മനസലിഞ്ഞ ചെയർമാൻ ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് തിരിച്ചെടുക്കാനുള്ള നിർദ്ദേശം ഡയറക്ടർബോർഡ് യോഗത്തിൽ പാസാക്കുകയായിരുന്നു. ഇതൊരു കീഴ്‌വഴക്കമല്ലെന്നും മറ്റൊരു സംഭവത്തിനും ഇത് ചൂണ്ടികാട്ടി ആനുകൂല്യത്തിന് വാദിക്കാനാവില്ലെന്നും നോട്ടെഴുതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2010 ഡിസംബർ 15നാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ തോപ്പുവെളി വീട്ടിൽ കൊച്ചുകുട്ടൻ ഷോക്കേറ്റുവീണത്. പാണകുന്നത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടയിലായിരുന്നു അപകടം. അബോധാവസ്ഥയിലായിരുന്ന കൊച്ചുകുട്ടൻ 18 ദിവസം വെന്റിലേറ്ററിലും രണ്ട് മാസം ആശുപത്രിചികിത്സയിലും കഴിഞ്ഞശേഷമാണ് വീട്ടിലെത്തിയത്. ട്യൂബിലൂടെയാണ് ആഹാരം നൽകുന്നത്. ഇതിനിടയിൽ രക്താർബുദവും ബാധിച്ചു.

ഇപ്പോൾ ഐ.ടി.ഐ വിദ്യാർത്ഥിയായ മകൻ അഭിഷേകിന് എട്ടും പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് അഞ്ചും വയസായിരുന്നു അപകടം നടക്കുമ്പോൾ. ചികിത്സയും മറ്റുമായി നാലുവർഷം കഴിഞ്ഞതോടെ ഇനിയൊരിക്കലും കൊച്ചുകുട്ടന് ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചുവരാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ആദ്യം അവശത അവധി നൽകിയെങ്കിലും പിന്നീടത് വേതനമില്ലാത്ത അവധിയായി മാറി. ഇതോടെ സഹപ്രവർത്തകർ ഇടപെട്ട് 2015ൽ സർവീസിൽ നിന്ന് ആകസ്മിക വിരമിക്കലായി കണക്കാക്കി പെൻഷൻ അനുവദിച്ചു. മകന് 18 വയസായപ്പോൾ ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ തള്ളി. അപ്പോഴാണ് 2016ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭിന്നശേഷിക്കാരായ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമമനുസരിച്ച് കൊച്ചുകുട്ടനെപ്പോലുള്ളവർക്ക് സർവീസിൽ തുടരാനും പൂർണ ശമ്പളമുൾപ്പെടെ കിട്ടാനും അവകാശമുണ്ടെന്നുമുള്ളത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, അതിന് മുമ്പ് സർവീസിൽ നിന്ന് വിരമിച്ചതിനാൽ ഇത് ലഭിക്കുക എളുപ്പമല്ല. കൊച്ചുകുട്ടന്റെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി നേരിട്ട് മനസിലാക്കിയതോടെ കെ.എസ്.ഇ.ബി. ചെയർമാൻ പ്രശ്നത്തിൽ വ്യക്തിപരമായി ഇടപെടുകയായിരുന്നു. നിയമപരമായ കാര്യങ്ങൾ കൃത്യമാക്കാനായി കെ.എസ്.ഇ.ബി.ലീഗൽ അഡ്വൈസർ ആൻഡ് ഡിസിപ്ളിനറി എൻക്വയറി ഒാഫീസറുടെ അനുകൂല റിപ്പോർട്ടും ലഭ്യമാക്കിയിരുന്നു. കൈപ്പറ്റിയ പെൻഷൻ തുക കിഴിച്ചാണ് മുടങ്ങിയ കാലയളവിലെ ശമ്പളം നൽകുക.