പോത്തൻകോട്: പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളിൽ രോഗവ്യാപനം തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ശക്തമാക്കാൻ നിയുക്ത എം.എൽ.എ ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗങ്ങളിൽ തീരുമാനം. കൊവിഡ് പരിശോധന വർദ്ധിപ്പിക്കാനും ആശുപത്രികളിൽ മരുന്നും ഓക്‌സിമീറ്ററും മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനും തീരുമാനിച്ചു. 24 മണിക്കൂർ സേവനം ലഭിക്കുന്ന ആംബുലൻസ് സർവീസും ഇന്നുമുതൽ സജ്ജമാകും. ആശാവർക്കറും അങ്കണവാടി ടീച്ചറും ഒരു സ്‌കൂൾ അദ്ധ്യപികയും സന്നദ്ധപ്രവർത്തകരും അടക്കം 15 മുതൽ 20 പേരാണ് ജാഗ്രതാസമിതിയിലുള്ളത്.

പോത്തൻകോട് പഞ്ചായത്തിൽ നിരോധനാജ്ഞ നിലവിലുണ്ട്. വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ള കൊവിഡ് രോഗികൾക്ക് പ്രത്യേക പരിരക്ഷാകേന്ദ്രം പോത്തൻകോട് ജംഗ്‌ഷനിൽ ഇന്ന് മുതൽ പ്രവർത്തിച്ചുതുടങ്ങും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് നഴ്സുമാരും രണ്ട് ക്ലീനിംഗ് സ്റ്റാഫുകളും ഇവിടെയുണ്ടാകും. പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ജാഗ്രതാസമിതി അംഗങ്ങൾക്കും ധരിക്കുന്നതിന് എൻ. 95 മാസ്‌കുകൾ നിയുക്ത എം.എൽ.എ ജി.ആർ. അനിൽ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിലിന് കൈമാറി.