accident

കല്ലമ്പലം: ദേശീയപാതയിൽ ചാത്തമ്പാറ മുതൽ കടമ്പാട്ടുകോണം വരെ അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയില്ല. അപകടങ്ങളും അപകട മരണങ്ങളും കൂടുതലും ചൊവ്വാഴ്ച ദിവസങ്ങളിലാണ് നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെ.എസ്.ആർ.ടി സി ഫാസ്റ്റ് പാസഞ്ചർ ബസും മിനിലോറിയും കൂട്ടിയിടിച്ച് മിനി ലോറിയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി മുനീർ മരിച്ചതും ബസിലെ 27 പേർക്ക് പരിക്കേറ്റതും. അന്നേദിവസം തന്നെ നാവായിക്കുളത്തും കെ.എസ് ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

ഏപ്രിൽ 27 ചൊവ്വാഴ്ച ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡിനു കുറുകെ മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റിരുന്നു. അന്നുതന്നെ ഇതിനു സമീപത്തായി കാറുകൾ കൂട്ടിയിടിച്ചും ഓട്ടോ മറിഞ്ഞും നാലുപേർക്ക് പരിക്കേറ്റിരുന്നു. മാർച്ച് 9 ചൊവ്വാഴ്ച പുലർച്ചെ കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പുതുശ്ശേരിമുക്കിലുള്ള മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടുപേർ ആശുപത്രി വിട്ടെങ്കിലും സൈജു (25) ഇപ്പോഴും മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് കല്ലുവാതുക്കൽ സ്വദേശികളും സുഹൃത്തുക്കളുമായ അഞ്ച് യുവാക്കൾ മരിച്ചതും ചൊവ്വാഴ്ചയായിരുന്നു. ജനുവരി 26 ന്. സുഹൃത്തുക്കളിൽ ഒരാളുടെ ഭാര്യ പ്രസവിച്ചതറിഞ്ഞ് ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം. നാടിനെ നടുക്കിയ ആ സംഭവം ഇന്നും കല്ലമ്പലത്തുകാരുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.

ജനുവരി 5 ചൊവ്വാഴ്ചയാണ് നാവായിക്കുളത്ത് കാൽനട യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് നിർത്താതെപോയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്ന് നാവായിക്കുളം സ്വദേശി ബോബിയാണ് (27) മരിച്ചത്. ചൊവ്വാഴ്ച ദിവസങ്ങളിൽ അപകടങ്ങൾ നടക്കുന്നതിനാൽ ഓരോ ചൊവ്വാഴ്ച എത്തുമ്പോഴും അപകടങ്ങളൊന്നും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിലാണ് കല്ലമ്പലത്തുകാർ.

കല്ലമ്പലം മേഖലയിൽ ചെറുതും വലുതുമായ അപകടങ്ങൾ നിത്യ സംഭവമാണ്. വിവിധ അപകടങ്ങളിലായി ഈ വർഷം ഇതുവരെ പത്തോളം പേരാണ് മരിച്ചത്. പന്ത്രണ്ടോളം പേർ ഗുരുതരമായി പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നു. പരിക്കേറ്റ അറുപതിലേറെ പേർ സുഖം പ്രാപിച്ചു. മിക്ക അപകടങ്ങൾക്കും കാരണം വാഹനങ്ങളുടെ അമിത വേഗതവും ഓവർടേക്കിംഗും അലക്ഷ്യമായ ഡ്രൈവിംഗും അശ്രദ്ധയും റോഡിലെ കയറ്റ് ഇറക്കങ്ങളും അപകടകരമായ വളവുകളും രാത്രി കാലങ്ങളിൽ വാഹനങ്ങൾ ഡിമ്മും ബ്രൈറ്റും ഉപയോഗിക്കാത്തതുമാണ്. സ്ഥിരം അപകട മേഖലയായ തോട്ടയ്ക്കാട്, കടമ്പാട്ടുകോണം മേഖലകൾ വർഷങ്ങൾക്ക് മുമ്പേ ഹൈ റിസ്ക്‌ സ്പോട്ട് ഏരിയയായി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തുടർച്ചയായി വെള്ള വരകൾ രേഖപ്പെടുത്തിയിട്ടുള്ള ഈ ഭാഗങ്ങളിൽ മറ്റു വാഹനങ്ങളെ ഒരു കാരണവശാലും മറികടക്കാൻ പാടില്ല. എന്നാൽ, ഇവിടെ നടന്നിട്ടുള്ള മിക്ക അപകടങ്ങളും ഓവർടേക്കിംഗിലൂടെയാണ് സംഭവിച്ചിരിക്കുന്നത്. അപകടങ്ങൾ കുറയ്ക്കാൻ പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും, അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കണ്ടെത്താൻ കൂടുതൽ കാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.