photo

 മൂക്കുകയറിടാൻ എക്സൈസ്
 അബ്‌കാരി കേസുകൾ പെരുകുന്നു

നെടുമങ്ങാട്: അനധികൃത വിദേശമദ്യ കടത്തുകാർക്കും വ്യാജ വാറ്റു സംഘങ്ങൾക്കും ചാകരയായി വീണ്ടുമൊരു ലോക്ക് ഡൗൺ കാലം.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നെടുമങ്ങാട്, വാമനപുരം, ആര്യനാട് എക്സൈസ് റേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ രണ്ടായിരത്തോളമാണ്. ലക്ഷങ്ങൾ വിലവരുന്ന വാറ്റ് സാമഗ്രികളും വിദേശ മദ്യവും പിടികൂടുകയും ചെയ്തിരുന്നു. അബ്‌കാരി കേസിൽ അകത്തായത് 75 ഓളം പ്രതികൾ. രണ്ടാംതരംഗവുമായി ബന്ധപ്പെട്ട് വീണ്ടുമൊരു ലോക്ക്ഡൗണിന് സൈറൺ മുഴങ്ങവെ, ഇരിക്കപ്പൊറുതി നഷ്ടപ്പെടുന്നത് എക്സൈസ് ഉദ്യോഗസ്ഥർക്കാണ്. കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങൾക്കിടയിൽ മലയോര പ്രദേശങ്ങളിൽ കൂണുപോലെയാണ് വ്യാജവാറ്റ് സംഘങ്ങൾ തലയുയർത്തിയത്. ബിവറേജസ് ഔട്ട്ലെറ്റുകളുടെയും ബാറുകളുടെയും പ്രവർത്തനം അനിശ്ചിതത്വത്തിലായ സാഹചര്യം പരമാവധി മുതലാക്കാനുള്ള തത്രപ്പാടിലാണ് വ്യാജമദ്യ ലോബി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പുതിയ സങ്കേതങ്ങളും അസംസ്കൃത വസ്തുക്കളും കടത്തു വാഹനങ്ങളും സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് ഇക്കൂട്ടർ.

 അനധികൃത മദ്യത്തിന് പൊന്നും വില

തൊഴിൽ നഷ്ടപ്പെട്ട് വീടുകളിൽ കുടുങ്ങുന്ന യുവാക്കളെ അഡ്വാൻസ് പ്രതിഫലം നൽകി പാട്ടിലാക്കിയാണ് ഒപ്പം കൂട്ടുന്നത്. കാട്ടിലൂടെയുള്ള ഇടവഴികൾ കണ്ടെത്തി ആവശ്യക്കാർക്ക് ചാരായം എത്തിച്ചു കൊടുക്കലാണ് ഇവരുടെ പണി. പുളിങ്കുടി, വെള്ളറട അതിർത്തി ഗ്രാമങ്ങൾ താണ്ടി എത്തുന്ന ചരക്ക് വാഹനങ്ങളിൽ ചാക്കുകളിൽ നിറച്ചാണ് വിദേശമദ്യം എത്തിക്കുന്നത്. അനധികൃത വിദേശമദ്യവും നാടൻ വാറ്റ് ചാരായവും ചോദിക്കുന്ന വില നൽകി സ്വന്തമാക്കാൻ വ്യക്തികൾക്ക് പുറമെ, നിരവധി സംഘങ്ങളും അണിയറയിൽ ഉണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

 കോട ഭദ്രമാക്കൻ 'പെരുമ്പാമ്പ്"

ഒളിസങ്കേതങ്ങളിൽ കന്നാസുകളിലും പ്ലാസ്റ്റിക് കുടങ്ങളിലും പെരുമ്പാമ്പ് എന്ന് അറിയപ്പെടുന്ന പോളിത്തീൻ പേപ്പർ കൊണ്ടുള്ള കെട്ടുകളിലാണ് ലിറ്റർ കണക്കിന് കോട സൂക്ഷിക്കുന്നത്. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, ആര്യനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിൽ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വന്യജീവികൾ ധാരാളമുള്ള ഉൾക്കാടുകളിൽ ഷെഡുകൾ നിർമ്മിച്ചാണ് വ്യാജവാറ്റ്. കേഴ, മ്ലാവ്, മുയൽ, അണ്ണാൻ, മരപ്പട്ടി, പന്നി തുടങ്ങിയവയെ വേട്ടയാടി ഇറച്ചി എടുക്കാനും ഇവരിൽ പരിചയമുള്ളവരുണ്ട്. റെയ്ഡ് വിവരം ചോരുന്നതിനാൽ എക്സൈസ് സംഘം എത്തുമ്പോഴേയ്ക്കും വാറ്റുകാർ രക്ഷപ്പെടുന്നത് പതിവാണ്. സ്വകാര്യ പുരയിടങ്ങളും വീടുകളും വരെ വാറ്റുകേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് കർഫ്യൂ ദിവസങ്ങളിൽ നെടുമങ്ങാട്ടും പരിസരങ്ങളിലും അരങ്ങേറിയത്. ജില്ലയുടെ അതിർത്തി പ്രദേശമായ അരിപ്പയിലും പാങ്ങോട്ടും കുറ്റിച്ചലിലും വിതുരയിലും നഗരസഭ പ്രദേശങ്ങളിലും അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 പ്രതികരണം

നെടുമങ്ങാട് സർക്കിളിൽപ്പെട്ട മൂന്ന് റേഞ്ചുകളിലും അബ്‌കാരി കേസുകൾ പെരുകുകയാണ്. ബാറും ബെവ്കോയും തുറന്നിരുന്നപ്പോൾ ഇത്തരം കേസുകൾ തീരെ കുറവായിരുന്നു. നിയമവിരുദ്ധമായ മദ്യം ഉപയോഗിക്കുന്നത് ജീവന് തന്നെ അപകടമാണ്. അനധികൃത ലഹരി വില്പന സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 94000 69405 എന്ന നമ്പറിൽ അറിയിക്കാം.

എസ്. വിനോദ്കുമാർ,​

എക്സൈസ്

സർക്കിൾ ഇൻസ്പെക്ടർ

 ഫോട്ടോ: നെടുമങ്ങാട് എക്സൈസ് കണ്ടെത്തിയ വാറ്റുസങ്കേതത്തിലെ വാറ്റുപകരണങ്ങൾ