തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അവശ്യസാധനങ്ങൾ വാങ്ങാൻ ജനം ഇന്നലെ കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് പൊലീസിന് തലവേദനയായി. കർശന നിയന്ത്രണങ്ങളെത്തുടർന്ന് ശക്തമായ പൊലീസ് പരിശോധന നഗരത്തിലുണ്ടായിരുന്നു. കൃത്യമായ സത്യവാങ്മൂലമില്ലാതെ പലരും ഇന്നലെ കടകളിലെത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ പൊലീസും ജനങ്ങൾക്ക് അല്പം ഇളവ് നൽകി.
പലവ്യഞ്ജനക്കട, ഇറച്ചിക്കട, പച്ചക്കറിക്കട എന്നിവിടങ്ങളിലായിരുന്നു കൂടുതൽ ആളുകളുമെത്തിയത്. തിരക്ക് കൂടിയതോടെ പൊലീസും പരിശോധന കർശനമാക്കി. സമ്പൂർണ ലോക്ക് ഡൗൺ ആണെങ്കിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പറഞ്ഞു മനസിലാക്കി പലരെയും പൊലീസ് മടക്കിയയച്ചു.
കടകളിൽ തിരക്ക് വർദ്ധിച്ചതോടെ സാമൂഹ്യഅകലം ഉറപ്പാക്കാനും പ്രയാസപ്പെട്ടു. പാളയം മാർക്കറ്റ്, കിഴക്കേകോട്ട, ചാല എന്നിവിടങ്ങളിലും ഇന്നലെ തിരക്ക് കൂടുതലായിരുന്നു. സൂപ്പർമാർക്കറ്റുകളിൽ ഒരു സമയം 10 പേർ എന്ന നിലയിൽ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ഇന്ന് നഗരത്തിൽ തിരക്ക് കൂടാൻ സാദ്ധ്യതയുള്ളതിനാൽ ഡി.സി.പി വൈഭവ് സക്സേന ഉദ്യോഗസ്ഥർക്ക് പരിശോധന ശക്തമാക്കാൻ നിർദ്ദേശം നൽകി.