തിരുവനന്തപുരം: നാളെ മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ വർഷത്തേതുപോലെ തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് നഗരസഭ തുടക്കമിട്ടു. ആശ്രയ കേന്ദ്രമൊരുക്കാൻ സ്‌കൂൾ ഏറ്റെടുക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

എസ്.എം.വി,​ തൈക്കാട് മോഡൽ സ്‌കൂൾ എന്നിവയാണ് ഇതിനായി പരിഗണിക്കുന്നത്. അതേസമയം എസ്.എസ്.എൽ.സി, പ്ലസ് ടു മൂല്യനിർണയ ക്യാമ്പുകൾ ഇവിടങ്ങളിൽ ആരംഭിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ താത്കാലിക ഷെൽട്ടർ എന്ന നിലയിൽ മറ്റിടങ്ങൾ നഗരസഭയ്‌ക്ക് കണ്ടെത്തേണ്ടിവരും. 16 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്.

ക്രമീകരണങ്ങൾക്കായി ഒരു ദിവസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പെട്ടെന്ന് നടപടികൾ സ്വീകരിക്കുമെന്നും ഇവർക്കുള്ള ഭക്ഷണം ജനകീയ ഹോട്ടലുകളിൽ ക്രമീകരിക്കുമെന്നും മേയർ വ്യക്തമാക്കി. കൊവിഡിന്റെ ആദ്യഘട്ടത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവർത്തനങ്ങളാണുണ്ടായത്. കഴിഞ്ഞതവണ എസ്.എം.വിയിലും അട്ടക്കുളങ്ങര സ്‌കൂളിലുമായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം കേന്ദ്രങ്ങളൊരുക്കിയത്.

തെരുവിൽ ഒറ്റപ്പെടുന്നവരെ നഗരസഭ സംരക്ഷിക്കും. അവർക്ക് ഭക്ഷണവും സുരക്ഷിതമായ താമസ സൗകര്യവും ഒരുക്കും. പ്രത്യേക നി‌ർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽക്കൂടി ഇതിന്റെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മേയർ ആര്യാ രാജേന്ദ്രൻ