വർക്കല: വർക്കലയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയുടെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ചെയർമാൻ കെ.എം.ലാജി അറിയിച്ചു. ശനിയാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആയതിനാൽ മോണിറ്ററിങ്ങിനും വിവരശേഖരണത്തിനും സഹായങ്ങൾ എത്തിക്കുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വാർഡുതല സാനിറ്റേഷൻ കമ്മറ്റി രൂപീകരിച്ചു. ക്വാറന്റയിനിൽ ഇരിക്കുന്നവരും വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളുടെയും വിവരശേഖരണത്തിനായി അധ്യാപകരെയും നിയമിച്ചു. ഓക്സിജന്റെയും അത്യാവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സി.എഫ്.ആർ.ടി.സി.യിൽ കിടക്കകൾ 300 ആയി വർദ്ധിപ്പിച്ചെന്നും നഗരസഭാധികൃതർ അറിയിച്ചു. സി.എഫ്.എൽ.ടി.സി.യിൽ ഭക്ഷണവിതരണം ചെയ്യുന്നത് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്ഥാപിച്ച അടുക്കളയാണ്. രോഗികളുടെ കിടത്തിചികിത്സയ്ക്ക് വേണ്ടി താലൂക്ക് ആശുപത്രിയിൽ ഒരു വാർഡ് ക്രമീകരിക്കുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.