icu

കാസർകോട്: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. എന്നാൽ ബെഡുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജൻ പറഞ്ഞു. ഇപ്പോൾ ബെഡുകളുടെ എണ്ണത്തിൽ കുറവില്ല. ബ്ലോക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും (സി.എഫ്.എൽ.ടി.സി) പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) ഉടൻ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത കൊവിഡ് ബാധിതർക്ക് ഡൊമിസിലറി കെയർ സെന്ററിൽ ബന്ധപ്പെട്ട ആവശ്യമായ സൗകര്യം ഒരുക്കും. ഇവിടങ്ങളിൽ സ്റ്റാഫും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ ഐ.സി.യു ബെഡുകൾ ആവശ്യത്തിനുണ്ട്. 250 ഓളം ബെഡുകൾ കൂടുതലായി സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജൻ ക്ഷാമവും നേരിടുന്നില്ല. ഓക്‌സിജൻ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഡോ. മനോജ് നോഡൽ ഓഫീസറായി വാർ റൂം ഉടൻ ഒരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബെഡുകളുടെ കാര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച ജില്ലയിൽ 1056 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ പോസിറ്റിവിറ്റി ശതമാനം 18.9 ആണ്. നിലവിൽ 13,301 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 17264 പേർ നിരീക്ഷണത്തിലുമുണ്ട്. ജാഗ്രത കൈവെടിയരുതെന്നാണ് അധികൃതർ വ്യകതമാക്കുന്നത്. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിച്ച് മുഖം മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക, വൃദ്ധരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്, പരമാവധി യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.