നെടുമങ്ങാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു ലക്ഷം രൂപയുടെ സാമഗ്രികൾ എത്തിച്ച് നൽകി നിയുക്ത എം.എൽ.എ ജി.ആർ. അനിലിന്റെ കുടുംബം. കൊവിഡ് അടിയന്തര ആവശ്യങ്ങൾക്കും മറ്റുമായാണ് തുക നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതർക്ക് കൈമാറിയത്. ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ ബാബുതോമസ് ജി.ആർ.അനിലിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. വോട്ടെണ്ണൽ ദിനത്തിൽ ജി.ആർ.അനിൽ ആശുപത്രിയിൽ സമാനമായ സേവപ്രവർത്തനം നടത്തിയതിന് പിന്നാലെയാണ് കുടുംബവും രംഗത്തെത്തിയത്. പി.പി.ഇ കിറ്റിനും സുരക്ഷാ സാമഗ്രികൾക്കും ജില്ലാ ആശുപത്രിയിൽ ക്ഷാമം അനുഭവപ്പെടുന്നതായി കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ജനങ്ങളുടെ സഹായഹസ്തം അനിവാര്യം:ജി.ആർ.അനിൽ
കൊവിഡ് പ്രതിരോധത്തിന് പി.പി.ഇ കിറ്റുകളും സാനിറ്റൈസറുകളും ഗ്ലൗസുകളും മാസ്കുകളും ധാരാളമായി വേണ്ടിവരുന്നതിനാൽ പഞ്ചായത്ത് ഭരണസമിതികളും നഗരസഭയുമായി സഹകരിച്ച് സഹായഹസ്തം നൽകാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് നിയുക്ത എം.എൽ.എ അഡ്വ.ജി.ആർ അനിൽ പറഞ്ഞു.അടിയന്തര കൊവിഡ് ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ ജില്ലാ ആശുപത്രി സൂപ്രണ്ടിന് കൈമാറിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുരക്ഷാ സാമഗ്രികൾ സമാഹരിക്കാൻ പഞ്ചായത്ത്,നഗരസഭാ തലത്തിൽ വോളന്റിയർമാരെ നിയമിക്കണമെന്നും കൊവിഡ് പോസിറ്റീവായ ആളുകൾ അത് മറച്ചുവയ്ക്കുന്ന പ്രവണത മാറ്റണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജലീൽ, എസ്.സുനിത,എൽ.ഡി.എഫ് നേതാക്കളായ സോമശേഖരൻ നായർ, കരിപ്പൂര് വിജയകുമാർ, കരിപ്പൂര് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.