തിരുവനന്തപുരം:മിനി ലോക്ക് ഡൗണിന്റെ മൂന്നാം ദിനത്തിലും പരിശോധന തുടർന്ന് പൊലീസ്.എങ്കിലും കഴിഞ്ഞ ദിവസത്തത്ര കടുപ്പിച്ചില്ല.ലോക്ക് ഡൗൺ പ്രഖ്യാപനമെത്തിയതോടെ ഇന്നലെ നഗരത്തിലേക്ക് വരുന്നവരുടെ എണ്ണവും വർദ്ധിച്ചു.കടകൾക്ക് മുന്നിലും ആൾക്കാർ തിങ്ങി നിറഞ്ഞത് ആശങ്കകൾക്കിടയാക്കി.സാമൂഹിക അകലം പാലിക്കാത്തവരെ താക്കീത് ചെയ്യുന്നതിനൊപ്പം പിഴയും ഇൗടാക്കി.യാത്ര പോകുന്നവരുടെ യാത്ര ഉദേശ്യം മനസിലാക്കി ഇതിനൊപ്പം രേഖകൾ കാണിക്കുന്നവരെ തുടർ യാത്രയ്ക്ക് അനുവദിക്കുകയായിരുന്നു.കൂടുതൽ ഇടങ്ങളിൽ പൊലീസ് ബാരിക്കേഡ് തീർത്ത് പരിശോധന നടത്തയിരുന്നു.പേരും ഫോൺ നമ്പരും വാഹന നമ്പരും ബുക്കിൽ രേഖപ്പെടുത്തിയാണ് യാത്രയ്ക്ക് അനുവദിച്ചത്.നഗരാതിർത്തിയായ വഴയില,കുണ്ടമൺകടവ്, മങ്കാട്ട്കടവ്, തിരുമല, തമ്പാനൂർ,പൂജപ്പുര, ജഗതി, പേട്ട, ഇടപ്പഴിഞ്ഞി, പാപ്പനകോട് ,പേരൂർക്കട, വഴയില, കഴക്കൂട്ടം, പിഎംജി, ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനകൾ തുടർന്നു.
ചിലയിടങ്ങളിൽ വാഹനങ്ങൾ പരിശോധനയ്ക്കായി തടഞ്ഞിട്ടത് ഗതാഗതക്കുരുക്കിന് കാരണമായി.പാപ്പനകോട് ഭാഗത്ത് കയർ കെട്ടി വാഹനം തടഞ്ഞായിരുന്നു പരിശോധന.എ.ആർ, എസ്എപി ക്യാംപുകളിലെ പൊലീസുകാർ, ലോക്കൽ സ്റ്റേഷൻ പൊലീസുകാർ, സ്‌പെഷ്യൽ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാർ എന്നിവരെയാണ് കൊവിഡ് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.വാഹന പരിശോധനയ്ക്ക് പുറമേ കടകളിലും ചന്തകളിലും പൊലീസ് പരിശോധിച്ചു.